പ്രമേയസ്വീകരണത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രതിസാന്ദ്രതയുടെ ആദ്യ പതിപ്പ്

rathisandramപെട്ടെന്നു തോന്നിയൊരു വികാരത്തിനാണ് മെഹറുന്നീസയും ഷേഫാലിയും പൂമരത്തെ ആശ്ലേഷിച്ചതും… യാദൃശ്ഛികമായി അതു കാമറയിൽ പകർത്താനിടയായ ഒമാർ റാഷിദെന്ന ന്യൂസ് ഫോട്ടോഗ്രഫറോട് തങ്ങൾ നിർവഹിച്ചതൊരു ദത്തെടുക്കലാണെന്നു പ്രഖ്യാപിച്ചതും. പക്ഷേ, പെട്ടെന്നുദിച്ച വികാരം അതേ വേഗത്തിൽ കാറ്റിലോ വെയിലിലോ അലിഞ്ഞില്ലാതെയായില്ല. ഇരുവരും ആ മരത്തെ സ്നേഹിച്ചു….

മലയാളിയുടെ ഭാവുകത്വ പരിണാമത്തിന് പുതിയ ദിശ നല്‍കിയ എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍ . വിഷയസ്വീകരണത്തിലെ വൈവിധ്യവും ആഖ്യാന പാടവവും കൊണ്ട് കഥകളിലും നോവലുകളിലും വേറിട്ട സ്വരം കേള്‍പ്പിക്കുന്നു അദ്ദേഹം. നാലര പതിറ്റാണ്ടിനിടയില്‍ സി.വി. ബാലകൃഷ്ണന്‍ മുന്നൂറോളം കഥകൾ എഴിതിയിട്ടുണ്ട്. അസംബന്ധ നാടകങ്ങൾ നിറഞ്ഞ സ്ത്രീ-പുരുഷ സംസർഗങ്ങളിലെ സമൂർത്ഥ സന്ദർഭങ്ങളെ അപനിർമ്മിക്കുന്ന നോവെല്ലകളാണ് സിവിയുടെ പുതിയ പുസ്തകമായ രതിസാന്ദ്രതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രതിസാന്ദ്രത , പും സ്ത്രീ ക്ളീബങ്ങൾ , ദേഹം ദേഹാന്തം എന്നീ നോവെല്ലകളാണ് രതിസാന്ദ്രതയിൽ.

ഷേഫാലിക്ക് മരത്തിനു നേരെ നോക്കുമ്പോൾ കോമളഗാത്രയായ ഒരു പെൺകുട്ടിയെയാണു കാണുന്നതെന്ന് തോന്നുമായിരുന്നു. കഥയിലെ പെൺകുട്ടി. കഥ കേൾപ്പിച്ച മെഹറുന്നീസയ്ക്കും അതേ തോന്നലാണ്. മരത്തോടു ചേർന്നുനിൽക്കും, ഇരുവരും. ഒരു പെൺകുട്ടിയുടെ ഉടലിനോടാണ് തങ്ങൾ ചേർന്നുനിൽക്കുന്നതെന്ന് തോന്നും അവർക്ക്. പെൺ ഉടലിന്റെ നേർമ അവരെ ഗാഢമായി സ്പർശിക്കും….’

bookമലയാളത്തിനു പരിചിതമില്ലാത്തൊരു പശ്‌ചാത്തലത്തിൽ നിന്നുകൊണ്ടാണ് രതിസാന്ദ്രത സി.വി. ബാലകൃഷ്‌ണൻ എഴുതിയത്. ഭർത്താവിനെ ഉപേക്ഷിച്ചു വന്ന മെഹറുന്നീസയും സഹോദരിയുടെ ഭർത്താവിനാൽ ശരീരത്തിനും മനസ്സിനും മുറിവേൽക്കപ്പെട്ട ഷേഫാലിയും തമ്മിലുള്ള ബന്ധത്തിനൊരു തുടർച്ച എന്നതിലുപരി മെഹറുന്നീസയുടെ ഭർത്താവായ അനീസ് പാഷയും ഷേഫാലിയുടെ സഹോദരീ ഭർത്താവായ മുക്‌താറും തമ്മിലുണ്ടാകുന്ന ബന്ധമാണ് സി.വി. ബാലകൃഷ്‌ണൻ പുംസ്‌ത്രീ ക്ലീബങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നത്.

മെട്രോ നഗരത്തിലെ തിരക്കിൽ പരസ്‌പരം തിരിച്ചറിയുന്ന രണ്ടുപേർ തമ്മിൽ ഉടലെടുക്കുന്ന മാനസിക–ശാരീരിക ബന്ധം. അതായിരുന്നു മെഹറുന്നീസയ്‌ക്കും ഷേഫാലിക്കും ഇടയിലുണ്ടായിരുന്നത്. തന്നെ അവഗണിച്ച ഭർത്താവിനെ ഉപേക്ഷിച്ച് മെഹറുന്നീസ ഷേഫാലിയുടെ വീട്ടിലേക്ക് എത്തുകയാണ്.

‘അസീസോ എന്ന് ഷേഫാലി ചോദിച്ചതിനു അവൻ നരകത്തിലേക്കു പോകട്ടെ എന്നായിരുന്നു പ്രതികരണം. അവർ ഉടനെ രണ്ടു കൈയും നീട്ടി മെഹറുന്നീസയെ തന്റെ ഉടലിനോടു ചേർത്തു. അന്നു മുതൽ അവർ ഒപ്പം താമസിക്കുന്നവരായി. ഒരേ കിടക്ക പങ്കിടുന്നവരായി. തോന്നുമ്പോഴൊക്കെ പരസ്‌പരം ചുംബിക്കുന്നവരായി. ഉൾഞരമ്പുകൾ പിണച്ച് ചോരച്ചൂട് അന്യോന്യം പകരുന്നവരായി. അതിൽ അവർ ആഹ്ലാദിച്ചു. എടുപ്പിന്റെ ടെറസ്സിൽ നിന്ന് അവർ ആകാശത്തിനു കാണാനായി ആശ്ലേഷിച്ചു. കുളിമുറിയിൽ വസ്‌ത്രങ്ങളില്ലാതെ പരസ്‌പരം ഉടലിൽ സോപ്പുപതച്ച് ഷവറിനു കീഴെ നിലകൊണ്ടു നനഞ്ഞു. ഒറ്റ ശരീരമായി അവർക്കു മേൽ ജലം ഒഴുകി വിശുദ്ധമായ സ്‌നാനമായി….‘

ഏറെ ചർച്ച ചെയ്യപ്പെട്ട പ്രമേയമായിരുന്നു രതിസാന്ദ്രതയുടേത്. രണ്ടു സ്‌ത്രീകൾ തമ്മിലുണ്ടാകുന്ന പുത്തൻ സൗഹൃദത്തെക്കുറിച്ചുള്ള ആവിഷ്‌ക്കാരം എന്ന നിലയിൽ. പേരു സൂചിപ്പിക്കുന്നതുപോലെ രതിസാന്ദ്രം മാത്രമായിരുന്നില്ല ആ ബന്ധം. രണ്ടു മനസ്സുകൾ തമ്മിലുള്ള ഐക്യപ്പെടലായിരുന്നു. വിശുദ്ധ ജലം കൊണ്ടുള്ള സ്‌നാനമായിരുന്നു ഷേഫാലി മെഹറുന്നീസ ബന്ധം. ‘സിനിമയിൽ മാത്രം നമ്മൾ കണ്ടു സ്വീകരിച്ച പ്രമേയത്തിന്റെ തുടർച്ച’. സാഹിത്യത്തിൽ പരീക്ഷിച്ച പുതിയ രീതിയെ കുറിച്ച് എഴുത്തുകാരന്റെ മറുപടിയാണിത്. ഒരേ വർഗത്തിലുള്ളവർ തമ്മിലുള്ള ആകർഷണം കേരളത്തിൽ അത്ര പരിചിതമല്ലാത്തതിനാൽ ബംഗളൂരു പശ്‌ചാത്തലത്തിലാണ് രതിസാന്ദ്രത എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Categories: Editors' Picks, LITERATURE