സ്വന്തം വിശ്വാസങ്ങളെ മാറ്റുവാന്‍ നിങ്ങള്‍ തയ്യാറാണോ..?

niravadhi

ജനനം മരണം പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവരാകും. എന്നാല്‍ ആ വിശ്വാസങ്ങളെ തകിടംമറിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ.ബ്രിയാന്‍ എല്‍. വീസിന്റെ മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ്   എന്ന പുസ്തകം.

പരമ്പരാഗത മനശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ.ബ്രിയാന്‍ ചികിത്സയ്ക്കായ് തന്റെ മുന്‍പിലെത്തിയ കാതറിന്‍ എന്ന 27 കാരിയുടെ പൂര്‍വ്വ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവശ്വസിച്ചു. പക്ഷേ ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളേയും ചികിത്സാരീതികളെയും മാറ്റിമറിച്ചു. അതോടെ കൊളംബിയ യൂണിവേഴ്‌സിറ്റി,യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നും സൈക്കോളജിയില്‍ ബിരുദവും എംഡിയും നേടിയ അദ്ദേഹം തന്റെ ശാസ്ത്രീയ പഠനങ്ങള്‍ക്കുംമപ്പുറം ഒരു വലിയ സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞു.

niravadhiമരണാനന്തര നിലനില്‍പ്പിനേക്കുറിച്ചും പൂര്‍വ്വജന്മ സ്മരണകളെക്കുറിച്ചും ധാരാളം തെളിവുകളുണ്ടെങ്കിലും മനശാസ്ത്രജ്ഞന്മാരും മനോചികിത്സകരും ഇത് പരിശോധിക്കുവാനോ തെളിയിക്കുവാനോ ഇതുവരെ തയ്യാറായിട്ടില്ല. ഒരു പക്ഷേ തയ്യാറായാല്‍ തന്നെ അതിനെ ശാസ്ത്ര ലോകം അംഗീകരിക്കുകയുമില്ല. അതിനാല്‍ തനിക്കുണ്ടായ ഒരു അനുഭവത്തെ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ് എന്ന പുസ്തകത്തിലുടെ ഡോ.ബ്രിയാന്‍ ചെയ്തത്.

ജനനത്തിനുമുമ്പും മരണത്തിനു ശേഷവുമുള്ള മനുഷ്യന്റെ നിലനില്‍പ്പിനേക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ നിങ്ങള്‍ വായിക്കുന്നതെല്ലാം സത്യവും വസ്തുതാപരവും മാത്രമാണെന്നും ഇതെഴുതാന്‍ നാലുവര്‍ഷവും തൊഴില്‍ പരമായി ഉണ്ടായേക്കുവുന്ന ആപത്തിനെ നേരിടുവാനുള്ള ധൈര്യം സംരംഭിക്കുവാനും യാഥാസ്ഥിതികതയ്‌ക്കെതിരായി കാര്യങ്ങള്‍ വെളിപ്പെടുത്താനുമായി വേറൊരു നാല് വര്‍ഷംകൂടി വേണ്ടിവന്നുവെന്നും ബ്രിയാന്‍ പറയുന്നു. കാതറിനിലൂടെ തനിക്കുകിട്ടിയ അത്ഭുതകരമായ അറിവ് പുറംലോകത്തെ അറിയിക്കാതിരിക്കുന്നത് ശരിയല്ലന്നുകരുതിയാണ് പെട്ടന്നൊരു ദിവസം എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാവുതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിട്ടുണ്ടെന്നും മനസ്സിന്റെ അഗാധരഹസ്യങ്ങളായ ആത്മാവും മരണാനന്തരജീവിതവും പില്‍ക്കാല ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നും മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ് എന്ന പുസ്തകത്തില്‍ ഡോ.ബ്രിയാന്‍  വിവരിക്കുന്നു. വളരെ അപൂര്‍വ്വമായണ്ടായ ഈ അത്ഭുത സത്യങ്ങള്‍ ആവാഹിച്ച പുസ്തകം 2014ല്‍ നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ടൈംലെസ് ക്ലാസിക് കൃതിയായ ഈ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

ശാസ്ത്ര അധ്യാപകനായ രാധാകൃഷ്ണ പണിക്കരാണ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. നിരവധി ആസ്വാദകരെ നല്‍കിയ ഈ പുസ്തകം സ്വന്തം വിശ്വാസങ്ങളെ തിരുത്തുവാന്‍ തയ്യാറാണെങ്കില്‍ നിങ്ങളും ഉറപ്പായും വായിച്ചിരിക്കണം..!