ചെ ഗുവാരയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍


che

ചരിത്രത്തിന്റെ മഹത്തായ ചാലകശക്തികള്‍ മനുഷ്യവംശത്തെയാകെ രണ്ടു ശത്രുപാളയങ്ങളിലായി വിഭജിച്ചുനിര്‍ത്തുന്ന ഈ അഭിസന്ധ്യയില്‍ ഞാനറിയുന്നു, ഞാന്‍ എന്നും ജനങ്ങളോടൊപ്പമായിരിക്കണം…ഇതുവരെ, തത്വങ്ങളുടെ വിശുദ്ധസാരം തിരയുന്നകാപട്യക്കാരനും വരട്ടുതത്ത്വവാദങ്ങളുടെ മനഃശാസ്ത്രവിശ്ലേഷകനായി ഒരു പ്രതേബാധിതനെപ്പോലെ ഓരിയിട്ടിരുന്ന ഞാന്‍ ഇനി മുതല്‍ ബാരിക്കേടുകളും ട്രഞ്പുകളും ആക്രമിക്കും. രക്തക്കറ ഉണങ്ങിപ്പിടിച്ച എന്റെ ആയുധമേന്തി ഒടുങ്ങാത്ത പകയോടെ മുന്നിലെ്ത്തുന്ന ശത്രുക്കളെ കശാപ്പുചെയ്യും….പോരാട്ടത്തിന് ഞാന്‍ എന്റെ ശരീരത്തെ ഉരുക്കുപോലെ ഉറച്ചതാക്കുന്നു; വിജയികളാവുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രകടനത്തിന് പുതിയ ഊര്‍ജ്ജവും പുതിയ പ്രതീക്ഷയുമായി മാറ്റൊലിക്കൊള്ളാന്‍ തക്ക വിശുദ്ധ ഇടമായി ഞാന്‍ എന്റെ ശരീരത്തെ തയ്യാറാക്കുന്നു…!

മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ടോ ഗ്രനാഡോയും ചേര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രാനുഭങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് ‘ദി മോട്ടോര്‍സൈക്കിള്‍ ഡയറി’. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടു വര്‍ഷം മുമ്പാണ് ചെ ഈ അവിസ്മരണീയ യാത്ര നടത്തിയത്.

ഈ യാത്രയിലൂടെയാണ് അലസനും ഉല്ലാസവാനുമായ ചെറുപ്പക്കാരനില്‍ നിന്ന് ലോകം കണ്ടതില്‍ വച്ച് ഏറ്റവും പ്രധാനിയും വിപ്ലവങ്ങളുടെ തന്നെ പ്രതീകവുമായി മാറിയ ഏണസ്‌റ്റോ ചെ ഗുവാരയിലേക്ക് അദ്ദേഹം മാറിത്തുടങ്ങിയത്. ചെ ഗുവാരയുടെ വിഖ്യാതമായ ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പുസതകത്തിന്റെ മലയാള പരിഭാഷയാണ് മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍.

1952 ജനുവരിയില്‍ ആരംഭിച്ച മോട്ടോര്‍സൈക്കിള്‍ യാത്രയില്‍ തങ്ങളിതുവരെ വായിച്ചറിഞ്ഞ ലാറ്റിനമേരിക്കന്‍ നാടുകള്‍ ചെ ഗുവാരയും ഗ്രനാഡോയും നേരിട്ടുകണ്ടു. 8000 കി.മീ. പിന്നിട്ട യാത്രയില്‍ ഒരിക്കല്‍ ഏറ്റവും മികച്ച സംസ്‌കാരങ്ങളിലൊന്നായിരുന്ന ഇന്‍കാ സംസ്‌കാരത്തിന്റെ ശോഷണാവസ്ഥയും, മാര്‍ക്‌സിസ്റ്റ് ജനതയും ഖനി motorതൊഴിലാളികളും നേരിടുന്ന അതീതിയും അന്യായങ്ങളും ചൂഷണവുമാണ് അവര്‍ കണ്ടത്. ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാത്രമല്ല മാര്‍ക്‌സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്‌ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങള്‍ ഇടയാക്കി.

ഈ യാത്രയെത്തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്ന ഏണസ്‌റ്റോ ചെ ഗുവാരയില്‍ നിന്ന് അനശ്വര വിപ്ലവകാരിയായ ചെ ഗുവാര ജന്‍മം കൊള്ളുന്നത്. ചരിത്രകാരന്‍മാര്‍ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷിക വശങ്ങള്‍ പങ്കുവെയ്ക്കുന്ന പുസ്തകത്തില്‍ ചെ ഗുവാരയുടെ അത്യപൂര്‍വ്വമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ എന്ന മലയാള പരിഭാഷ വിവര്‍ത്തനം ചെയ്തിരിക്കുന്നത് പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ ആര്‍.കെ.ബിജുരാജ്.2011ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വിപളിയിലുള്ളത്.