ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

bs-warrier

മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ള യുക്തിയും ബുദ്ധിയും നാമെല്ലാവരിലുമുണ്ട്. പക്ഷെ ആ മാധുര്യത്തെ തിരിച്ചറിയാനോ അതിന്റെ മാറ്റ് കൂട്ടുവാനോ നമ്മളിൽ പലർക്കും നേരമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. ജീവിതവിജയം കൈവരിക്കുന്ന പലര്‍ക്കും ബുദ്ധിശക്തിയുടെ മൂര്‍ച്ചയോ ബിരുദങ്ങളുടെ അലങ്കാരമോ ഇല്ലായിരിക്കാം. പക്‌ഷെ അവര്‍ സാമാന്യബുദ്ധി പ്രയോഗിക്കുന്നവരും അന്യരുടെ വികാരങ്ങളെ മാനിച്ചു പെരുമാറുന്നവരുമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാകും. ജീവിതത്തെ മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ളതാക്കാൻ സഹായിക്കുന്ന പുസ്തകമാണ് ബി.എസ്. വാരിയര്‍ രചിച്ച ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

കിഴക്കും പടിഞ്ഞാറുമുള്ള പഴയതും പുതിയതുമായ ആശയങ്ങള്‍ , പുരാണം മുതല്‍ ആധുനിക മാനേജ്‌മെന്റ് വരെയുള്ള മേഖലകള്‍ , സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മികച്ച കൃതികള്‍ , കല്പിതകഥകള്‍ , കവിതകള്‍ , പഴമൊഴികള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ പ്രയോജനകരമായ കാര്യങ്ങള്‍ കണ്ടെത്തി രസകരമായി വായിച്ചുപോകാവുന്ന വിധത്തില്‍ തയ്യാറാക്കിയ പുസ്തകമാണ് ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ . നിത്യവും ഒന്ന് എന്ന ക്രമത്തില്‍ വായിക്കാന്‍ ഉതകുന്ന രീതിയിലാണ് ബി.എസ് വാരിയര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

jeevitha-vijayamചിന്തയിൽ നിന്ന് പ്രവൃത്തിയും പ്രവൃത്തിയിൽ നിന്ന് ശീലവും , ശീലത്തിൽ നിന്ന് സ്വഭാവവും രൂപപ്പെടുന്നു. നമ്മുടെ മനോഭാവത്തിലും സമീപനത്തിലുമുള്ള പോരായ്മകൾ സ്വയം തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല. ആദർശവ്യക്തിത്വങ്ങളുടെ അനുഭവ കഥകളും വിവേകശാലികളുടെ വാക്കുകളും ,അവരുടെ ന്യൂനതകളും , കോട്ടങ്ങളും ചൂണ്ടിക്കാട്ടി സ്വയം ഒരു വിശകലനത്തിന് നമ്മെ സഹായിക്കുന്ന പ്രചോദനാത്മകമായ പുസ്തകമാണ് ബി.എസ് വാരിയരുടെ ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ബി.എസ് വാരിയരുടെ പ്രചോദനാത്മകമായ പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ കൃതിയും. ആവേശം കൊള്ളിക്കുന്ന കഥാസമാനമായ കുറിപ്പുകള്‍ ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ വായനക്കാര്‍ക്ക് തുണയാകുമെന്നതില്‍ സംശയമില്ല. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍.

ആ ജോലി എങ്ങനെ നേടാം, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും, പഠിച്ചു മിടുക്കരാകാന്‍ , വിജയത്തിന്റെ പടവുകള്‍ , വിജയത്തിലേയ്ക്കൊരു താക്കോല്‍ , സ്റ്റെപ്‌സ് ടു യുവര്‍ ഡ്രീം കരിയര്‍ , ലേണ്‍ ഫാസ്റ്റര്‍ ലേണ്‍ ബെറ്റര്‍ തുടങ്ങിയവയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബി.എസ് വാരിയരുടെ മറ്റു കൃതികള്‍

Categories: Editors' Picks, LITERATURE