മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്ക്

hrbm“ഞാവല്‍ പഴങ്ങളുണ്ടെങ്കില്‍ കുറച്ച് പെറുക്കി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോള്‍ അവിടെ ഒന്നുമേയില്ല, ഒക്കെ മഴ കൊണ്ടു പോയി. മാവിന്‍ചുവട്ടില്‍ കുറച്ച് മാങ്ങാപ്പിഞ്ചുകള്‍ കൊഴിഞ്ഞു കിടപ്പുണ്ട്. അതാര്‍ക്കു വേണം! എങ്കിലും അവയുടെ മെഴുമെഴുപ്പും കുസൃതി നോട്ടവും കണ്ടാല്‍ ഒന്നു കൈയിലെടുക്കാന്‍ തോന്നാതിരിക്കില്ല. ടിപ്പു നിലത്ത് കുത്തിയിരുന്നു മാങ്ങാപ്പിഞ്ചുകള്‍ പെറുക്കാന്‍ തുടങ്ങി.

കരിയിലകള്‍ക്കിടയിലൂടെ ഒരു ചുവന്ന ചോണനുറുമ്പ് ഊളിയിട്ടിറങ്ങുന്നതു കണ്ടു. അതിന്റെ പോക്ക് നിരീക്ഷിക്കാന്‍ അവന്‍ മെല്ലെ കരിയിലയുടെ പാളി നീക്കി നോക്കി. എന്തൊക്കെയാണ് അതിനു കീഴില്‍! കുറെ ഉറുമ്പുകള്‍, അവ തിരക്കിട്ടോടുന്നു. ചിലരുടെ ചുണ്ടില്‍ ഭക്ഷണം കടിച്ചു പിടിച്ചിട്ടുണ്ട്, അല്ലാ, അത് ഭക്ഷണമല്ല, മുട്ടകളാണ്. സ്വന്തം മുട്ടകള്‍ ചുമന്നു കൊണ്ടുപോകുന്നൊരു ജാഥ….”

മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫല്‍റ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് herberioumഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ദുബായ് നഗരത്തിലെ ഫ്‌ളാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് ഹെര്‍ബേറിയം എന്ന നോവല്‍ എഴുതിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവുപുലര്‍ത്തുന്ന സോണിയയുടെ ഹെര്‍ബേറിയം സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണ്. കൂടാതെ പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്.

പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജാഗ്രതയും കുട്ടികളുടെ മനോവ്യാപാരങ്ങളെയും സുക്ഷമമായി അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ 2016ലെ ഡി സി നോവല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കൃതിയാണ്.

Categories: Editors' Picks

Related Articles