DCBOOKS
Malayalam News Literature Website

ഇ എം എസ്സും പെണ്‍കുട്ടിയും

അപ്രതീക്ഷിതമായി ഒരു വിദേശി പെണ്‍കുട്ടിയ്ക്ക് സ്വന്തം വീട്ടില്‍ ഭാര്യയില്ലാത്ത രാത്രിയില്‍ അഭയം നല്‍കെണ്ടിവന്ന ജോസ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ബെന്യാമിന്റെ ഏറെ പ്രശസ്തമായ ചെറുകഥയാണ് ഇ എം എസ്സും പെണ്‍കുട്ടിയും. ഒടുവില്‍ താങ്ക്യൂ ഇ.എം.എസ് അങ്കിള്‍ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് ഒരുമ്മ നല്‍കി മറഞ്ഞ പെണ്‍കുട്ടിയെ ജോസിന് വീണ്ടും തേടിപ്പോകേണ്ടി വരുന്നു. സ്വന്തമായി ഒരു ദേശമില്ലാതലയുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമായ മോംഗുകളുടെ കൂട്ടത്തിലേക്കാണ് ആ അന്വേഷണം ജോസിനെയും കൂട്ടുകാരെയും എത്തിച്ചത്.

ഹാസ്യത്തിന്റെ നറുചിരിയും അന്വേഷണത്തിന്റെ ഉദ്വേഗതയും സമന്വയിപ്പിച്ച് ജോസിലൂടെ ബെന്യാമിന്‍ പറയുന്ന ഇ എം എസ്സും പെണ്‍കുട്ടിയും അവസാനിക്കുന്നത് കണ്ണീരുപ്പിലാണ്. ഇത്തരത്തില്‍ പ്രത്യേകതകളുള്ള ഒമ്പത് ബെന്യാമിന്‍ കഥകള്‍ സമാഹരിച്ച പുസ്തകമാണ് ഇ.എം.എസ്സും പെണ്‍കുട്ടിയും എന്ന കഥാസമാഹാരം. ഗെസാന്റെ കല്ലുകള്‍, വാസ്തുപുരുഷന്‍, രണ്ട് പട്ടാ:ളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, ആഡീസ് അബാബ, താവോ മനുഷ്യന്‍, ഒരു മുന്‍ കള്ളക്കടത്തുകാരന്റെ ആത്മകഥ, ജാവേദ് എന്ന മുജാഹിദ്, കുമാരി ദേവി എന്നിവയാണ് പുസ്തകത്തിലെ മറ്റു കഥകള്‍.

ഒരു ചലച്ചിത്രത്തിലെന്നവണ്ണം വായനക്കാരന്റെ മനസ്സില്‍ ദൃശ്യങ്ങള്‍ ആഴത്തില്‍ പതിപ്പിക്കുന്ന ബെന്യാമിന്‍ ശൈലിയ്ക്ക് ഉത്തമോദാഹരണങ്ങളാണ് പുസ്തകത്തിലെ ഓരോ കഥയും. സ്‌നേഹത്തിന്റെ തുടിപ്പുകളെ സ്വപ്‌നം കാണുന്ന കഥാപാത്രങ്ങളിലൂടെ പുതിയ കഥയുടെ മൗലിക സാന്നിധ്യമാകുന്ന ചെറുകഥാ സമാഹാരം 2010ലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസതകത്തിന്റെ ഒന്‍പതാമത് പതിപ്പ് പുറത്തിറങ്ങി.

ബെന്യാമിന്റെ ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ , അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ , പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം, അബീശഗിന്‍ തുടങ്ങിയ നോവലുകള്‍ പോലെതന്നെ ശ്രദ്ധേയമാണ് ഇ എം എസ്സും പെണ്‍കുട്ടിയും  എന്ന ഈ ചെറുകഥാസമാഹാരവും.

ഇ എം എസ്സും പെണ്‍കുട്ടിയും ഇ ബുക്കില്‍ വായിക്കാം

 

Comments are closed.