DCBOOKS
Malayalam News Literature Website

9 ജില്ലകളെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കും

സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പു വെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍(ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ഇവിടുങ്ങളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ച സാഹചര്യമില്ല. എന്നാല്‍ മലയോര മേഖലകളിലെ പ്രധാന ജല സ്രോതസ്സുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്പോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

 

Comments are closed.