എട്ടാമത് ഹബീബ് വലപ്പാട് പുരസ്കാരം പി.കെ പാറക്കടവിന്

 

pk-parakkadav-1

എട്ടാമത് ഹബീബ് വലപ്പാട് പുരസ്കാരം മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്ത് പി.കെ പാറക്കടവിന്. മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായ പാറക്കടവിന്റെ യഥാർത്ഥ നാമം അഹമ്മദ് എന്നാണ്. സാഹിത്യ നിർമ്മിതിയുടെ സാംസ്കാരികതയിൽ കഥയും കവിതയും തമ്മിലുള്ള അന്തരം ഇല്ലാതാക്കിയ എഴുത്തുകാരനാണ് പാറക്കടവ് എന്ന് പുരസ്‌കാര ദാനം നിർവഹിച്ചു കൊണ്ട് പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ ചെയ്യുന്നത് സർജറിയാണ്. പാറക്കടവിന്റെ കഥകളും സർജറികളാണ്. ചെറിയ കഥകളെഴുതി വലിയ ആളാകുകയാണ് പാറക്കടവ് ചെയ്തതെന്നും സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പാറക്കടവിന്റെ കഥകൾ പലതും രാഷ്ട്രീയ പ്രതിരോധകങ്ങളാണെന്ന് ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു.ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകഥകൾക്ക് മലയാളത്തിൽ പുതിയ ഒരു അംഗീകാരം നേടിക്കൊടുത്തത് പാറക്കടവാണ്. മലയാളി വായനക്കാരെ ചിന്തകളിലേക്ക് കൊണ്ടുപോയ കഥകളാണ് പാറക്കടവിന്റെ ചെറുകഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർ ഐ സക്കറിയ പ്രശസ്തി പത്രം വായിച്ചു.10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് എ ആർ ദിവാകരനെ ഇ കെ തോമസ് പൊന്നാട അണിയിച്ചു. ഹമീദ് വലപ്പാട് സ്മാരക സമിതി സെക്രട്ടറി കെ ഗോവിന്ദൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോസ് താടിക്കാരൻ നന്ദി രേഖപ്പെടുത്തി.

Categories: AWARDS, LATEST EVENTS