DCBOOKS
Malayalam News Literature Website

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് നോവല്‍; ‘ഖസാക്കിന്റെ ഇതിഹാസം’

മലയാളത്തിന്റെ അര്‍ഥമായി മാറിയ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ 75-ാം പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതിളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1969ലാണ്. കറണ്ട് ബുക്‌സാണ് അന്ന് പുസ്തകം പുറത്തിറക്കിയത്. അന്നു മുതല്‍ ഇന്നുവരെ രവിയും ഖസാക്കെന്ന പാലക്കാടന്‍ ഗ്രാമവും മലയാളിയുട സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. അപ്പുക്കിളിയും മൈമുനയും ഖസാക്കിലെ ഏകാദ്ധ്യാപക വിദ്ധ്യാലയവും കൂമന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല.

ഇന്ത്യന്‍ ഭാഷാ സാഹിത്യത്തില്‍ തന്നെ അപൂര്‍വ്വതയായി നിലകൊള്ളുന്ന ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യ പതിപ്പ് ഡി സി ബുക്‌സ് പുറത്തിറക്കുന്നത് 1990ലാണ്. ഒരു വ്യാഴവട്ടത്തിനിപ്പുറം ഒട്ടേറെ വായനക്കാരെ സൃഷ്ടിച്ച് മുന്നേറുന്ന ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഒരു ലക്ഷത്തില്‍ പരം പ്രതികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

മലയാളി ഭാവുകത്തെ പുതുക്കിപ്പണിഞ്ഞ ഖസാക്കിന്റെ ഇതിഹാസം എത്രപേര്‍ നിരൂപണം ചെയ്യപ്പെട്ടു എന്ന് പറയുക തന്നെ വിഷമം. സാധാരണ ജനങ്ങളുടെ ഇടയില്‍ ഇത്രത്തോളം സ്വീകാര്യത നേടിയ മറ്റൊരു നോവല്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. എത്രയോ തലമുറ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം മലയാള നോവല്‍ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാണ്.

Comments are closed.