നമ്മുടെ ഉപബോധമനസ്സിനെ തിരിച്ചറിയാം

mind

ഒരാള്‍ ദു:ഖിതനും മറ്റൊരാള്‍ സന്തോഷവാനും ആകുന്നു. ഒരാള്‍ക്ക് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് പുരോഗതി ലഭിക്കുന്നു. ഒരാള്‍ മണിമേടയിലും മറ്റൊരാള്‍ ചേരിയിലും താമസിക്കുന്നു. മനസ്സുരുകി പ്രാര്‍ത്ഥിച്ചിട്ടും ഒരാഗ്രങ്ങളും സാധിക്കുന്നില്ല ചിലര്‍ക്ക്. എന്നാല്‍ മറ്റുചിലര്‍ക്ക് പ്രാര്‍ത്ഥനയിലൂടെ എല്ലാം ലഭിക്കുന്നുമുണ്ട്. സമൂഹത്തില്‍ ഇത്തരത്തിലുളള പലവേര്‍തിരിവുകളും കാണാന്‍ സാധിക്കുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന് നിങ്ങളുടെ ഉപബോധമനസ്സുമായി ബന്ധമുണ്ടെന്നാണ് ഡോ. ജോസഫ് മര്‍ഫി പറയുന്നത്. അദ്ദേഹം എഴുതിയ ‘ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്’ എന്ന പുസ്തകത്തിലാണ് അതിനുള്ള ഉത്തരങ്ങളും വിശകലനങ്ങളും പ്രസ്താവനകളും നിരത്തുന്നത്. അദ്ദേഹം ഇതൊന്നും വെറുതേയങ്ങ് പറയുന്നതല്ല. മറിച്ച് ഉദാഹരണങ്ങളും കൃത്യമായ തെളിവുകളും നിരത്തിയാണ് നമ്മുടെ ഉപബോധമനസ്സിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. മനസ്സിന്റെ ആഗ്രഹം സാധിക്കുന്നതിന് ഉപബോധമനസ്സിനുള്ള ശക്തിവിവരിക്കുന്ന, ലക്ഷക്കണക്കിന് കോപ്പി ലോകമെങ്ങും വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി.

നമ്മള്‍ പല കാര്യങ്ങളിലും നമ്മുടെ മനസ്സിനെ നിയന്ത്രിക്കാറുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം അതീതമായ ഒരു നിധിപേടകം നമ്മുടെയുള്ളില്‍ നാമറിയാതെ ഒളിഞ്ഞുകിടപ്പുണ്ട് നമ്മുടെ ഉപബോധമനസ്സ്. നാമറിയാത്ത പല ശക്തികളുടെയും ഉറവിടമാണ് നമ്മുടെ ഉപബോധമനസ്സ്. ഉപബോധമനസ്സിന്റെ ശക്തി എന്നത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഈ ശക്തി തിരിച്ചറിയാനും അതിനെ നമ്മുടെ വരുതിയില്‍ വരുത്താനും സാധിച്ചാല്‍ നമുക്ക് നേടാനാവുന്നത് അത്ഭുതാവഹങ്ങളായ നേട്ടങ്ങളാണ്. ഈ ശക്തി എങ്ങനെ തിരിച്ചറിയാം എന്നാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്ന പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി പറയുത്.

ningalude-upabodhamanasuനമ്മുടെ ഉപബോധമനസ്സിന്റെ പ്രവര്‍ത്തനം, പ്രാചീന കാലത്തെയും ആധുനിക യുഗത്തിലേയും മാനസിക ചികിത്സാരീതികള്‍, എങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാം, ഉപബോധമനസ്സിനെ എങ്ങനെ നമ്മുടെ വരുതിയിലാക്കാം, ഉപബോധമനസ്സിനെ നമ്മുടെ സന്തോഷത്തിനായി എങ്ങനെ പ്രയോഗിക്കാം, നമ്മില്‍ അടിഞ്ഞുകൂടിയ ചീത്തസ്വഭാവങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. വിശ്വാസത്തിന്റെ നിയമം എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള പ്രായോഗിക പരിശീലനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥിക്കും മുതിര്‍ന്നവര്‍ക്കും വരെ ഉപകാരപ്രദമായ പുസ്തകമാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി.

2014 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഇംഗ്ലീഷിലെന്നപോലെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. പുസ്തകത്തിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫ. സി. ഗോപിനാഥന്‍ പിള്ളയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.