DCBOOKS
Malayalam News Literature Website

ഝാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ഝാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരാളെ പരുക്കുകളോടെ സേന പിടികൂടി. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

ചൊവ്വാഴ്ച പുലര്‍ച്ചെ സി.ആര്‍.പി.എഫും കോബ്ര ബറ്റാലിയനും ഝാര്‍ഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിയിടങ്ങളില്‍നിന്നും സേനാംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്ത മാവോയിസ്റ്റ് സംഘത്തെ സൈന്യം വളയുകയായിരുന്നു.

തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേരെ വധിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍നിന്നും രണ്ട് എ.കെ. 47 തോക്കുകള്‍, രണ്ട് പിസ്റ്റലുകള്‍, മൂന്ന് 03 റൈഫിളുകള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് ശക്തമായ തെരച്ചില്‍ തുടരുകയാണ്.

 

Comments are closed.