DCBOOKS
Malayalam News Literature Website

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊച്ചി: സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തീര്‍ത്ഥാടകരുടെ ബസിടിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയ്(22), ജനീഷ്(22), കിരണ്‍(21), ഉണ്ണി(21), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുജിത്, ജിബിന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെ എം.സി. റോഡില്‍ അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട് വെച്ചായിരുന്നു അപകടം നടന്നത്. ജിബിനെ ഒമാനിലേക്ക് യാത്രയയക്കുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കരിക്കോട് വല്ലത്ത് വളവില്‍ വെച്ച് തടി കയറ്റിപ്പോയ ലോറിയെ മറികടക്കുന്നതിനിടെ ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബസിന്റെ മുന്‍വശവും തകര്‍ന്നു. അമിതവേഗവും കാര്‍ ഡ്രൈവറുടെ അശ്രദ്ധയുമായിരുന്നു അപകടത്തിന്റെ കാരണമെന്ന് പൊലീസ് പറഞ്ഞു.

Comments are closed.