തകരുന്ന മഹനീയ പ്രതീക്ഷകള്‍

mahaneeya BK

വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഗ്രേറ്റ് എക്‌സ്പറ്റേഷന്‍സ്. പൊള്ളയായ സ്വപ്‌നങ്ങളില്‍ നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ വളര്‍ച്ചയിലൂടെയാണ് ഗ്രേറ്റ് എക്‌സ്പറ്റേഷന്‍സ് പുരോഗമിക്കുന്നത്. പുസ്തകത്തിന്റെ സംഗ്യഹീത പുനരാഖ്യാനമാണ് മഹനീയ പ്രതീക്ഷകള്‍.

അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനാല്‍ സഹോദരി മിസ്സിസ് ജോയുടെ സംരക്ഷണത്തിലാണ് പിപ്പ് വളര്‍ന്നത്. ഒരിക്കല്‍ ആറാം വയസ്സില്‍ ക്രിസ്മസ്ത്തലേന്നു പള്ളി സെമിത്തേരിയില്‍ അച്ഛനമ്മമാരുടെയും ഇളയ സഹോദരന്‍മാരുടെയും കല്ലറകള്‍ സന്ദര്‍ശിക്കാന്‍പോയ പിപ് അവിടെ ഒളിച്ചിരിക്കുകയായിരുന്ന ഒരു കുറ്റവാളിയുടെ പിടിയില്‍പെടുന്നു. ജയില്‍ചാടിയ ആബേല്‍ മാഗ്വിച്ചായിരുന്നു അത്. വീട്ടില്‍നിന്ന് അല്പം ഭക്ഷണവും കാല്‍വിലങ്ങു മുറിക്കാന്‍ അരവും മോഷ്ടിച്ചു കൊണ്ടുവരാന്‍ അയാള്‍ പിപ്പിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നുവെന്ന് കൊച്ചുപിപ്പ് അറിഞ്ഞിരുന്നില്ല. അര്‍ഹിക്കാത്ത കുറ്റബോധവും വലിയ പ്രതീക്ഷകളുമായി നീങ്ങുന്ന പിപ്പും കുറ്റവാളിയില്‍നിന്നു മനുഷ്യനിലേക്കു നീങ്ങാനാശിക്കുന്ന ആബേല്‍ മാഗ്വിച്ചും ആരോടെന്നില്ലാതെ പകതീര്‍ക്കുന്ന സ്ത്രീകളും തീര്‍ക്കുന്ന കഥാലോകമാണ് മഹനീയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നത്. പിപ്പിന്റെ മുപ്പത്തിനാലാം വയസ്സുവരെ കഥ നീളുന്നു.

അര്‍ഹിക്കാത്ത കുറ്റബോധവുമായി ഉഴലുന്ന പിപ്പും മനുഷ്യനിലേക്കുണരാന്‍വെമ്പുന്ന മാഗ്വിച്ചും വിക്‌ടോറിയന്‍ മാതൃകകള്‍ മാത്രമല്ല. ആധുനികത്വത്തിന്റെ ഇരിപ്പിടമായ ലണ്ടന്‍ നഗരമാണ് ‘മഹനീയ പ്രതീക്ഷകളു’ടെ വേദി. അവിടെനിന്നുകൊണ്ട് ലോകം ഇങ്ങനെയാണ് എന്നു വിളിച്ചുപറയാന്‍ ഡിക്കന്‍സ് ശ്രമിക്കുന്നു. വിക്‌ടോറിയന്‍ സാമൂഹിക മാന്യതാ സങ്കല്പത്തിലേക്കുയരുക എന്ന പിപ്പിന്റെ മഹനീയ പ്രതീക്ഷ തകര്‍ന്നടിയുകയാണവിടെ.

mahaneeyaമഹനീയ പ്രതീക്ഷകള്‍ (Great Expectations – 1860) എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു തമാശക്കഥയായിരുന്നുവെന്ന് സുഹൃത്തും തന്റെ ജീവചരിത്രകാരനുമായ ജോണ്‍ ഫോര്‍സ്റ്റര്‍ക്കെഴുതിയ ഒരു കത്തില്‍ ചാള്‍സ് ഡിക്കന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇരുണ്ട ദിനങ്ങളില്‍ തന്നെ ജീവിതത്തിലും സാഹിത്യത്തിലും കരകയറ്റിയ ‘പിക് വിക്ക് പേപ്പേഴ്‌സി’ന്റെ മാതൃകയില്‍ ഒരു തമാശക്കഥ. എഴുതിത്തുടങ്ങിയപ്പോള്‍ ‘ഡേവിഡ് കോപ്പര്‍ഫീല്‍ഡി’ന്റെ മാതൃകയിലുള്ള ഒരു ട്രാജിക്-കോമിക് നോവലിന്റെ ആശയത്തിലേക്ക് ഡിക്കന്‍സ് നീങ്ങി. എഴുതിത്തീരുമ്പോഴേക്കും തമാശയുടെ അംശം നേര്‍ത്തുപോയി ദുരന്താംശം ഏറി. ‘കോമിക് മാനറി’ല്‍ എഴുതാന്‍ ഉദ്ദേശിക്കുകയും പിന്നീട് ആത്മകഥാപരമായ ‘ഡേവിഡ് കോപ്പര്‍ഫീല്‍ഡി’ന്റെ വഴിയിലാകാമെന്നു തീരുമാനിക്കുകയും ഒടുവില്‍ മറ്റൊന്നായിത്തീരുകയും ചെയ്തത് യാദൃച്ഛികമായിരുന്നില്ല. വേറൊരു തരത്തില്‍ തന്റെ ആത്മകഥയാണ് ‘മഹനീയ പ്രതീക്ഷകളി’ല്‍ ഡിക്കന്‍സ് എഴുതിയത്. ദുരന്തം അതിന്റെ കൂടപ്പിറപ്പായിരുന്നു.

ഇന്നത്തെ വായനക്കാര്‍ക്കു തമാശയുടെ ഒരംശംപോലും’മഹനീയ പ്രതീക്ഷകളി’ല്‍ വായിക്കാനായില്ലെന്നുവരും. വിക്‌ടോറിയന്‍ സമൂഹത്തില്‍നിന്ന് ഡിക്കന്‍സ് സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ സാര്‍വകാലികവും സാര്‍വജനീനവുമായ ചില മനുഷ്യ മാതൃകകളാണു കാണാനാവുക. ഓരോ തലമുറയ്ക്കും കടന്നുവരാനും പുനര്‍വ്യാഖ്യാനിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുന്നുവെന്നതാണ് ഡിക്കന്‍സിന്റെ നോവലിനെ വരിഷ്ഠമാക്കുന്നത്.

പ്രസിദ്ധീകരണത്തിന്റെ ഒന്നര നൂറ്റാണ്ടു പിന്നിടുമ്പോഴും മഹനീയമായിത്തന്നെ നില്ക്കുന്ന മഹനീയ പ്രതീക്ഷകള്‍ പി. എം. വിശ്വനാഥനാണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ഡോ. പി. കെ. രാഖശേഖരന്‍ പുസ്തകത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. തലമുറകള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത മഹനീയ പ്രതീക്ഷകള്‍ വിശ്വസാഹിത്യമാലയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2011ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.