DCBOOKS
Malayalam News Literature Website

‘അപഹാരങ്ങളും ദശകളും’ ദത്താപഹാരത്തെക്കുറിച്ച് വി ജെ ജയിംസ്

വി.ജെ. ജയിംസ് എന്ന എഴുത്തുകാരനെ കൃത്യമായും പിന്തുടര്‍ന്നിരുന്ന ഒരു വായനക്കാരന്‍ ദത്താപഹാരം വായിച്ചിട്ട് പറഞ്ഞത് ഈ പുസ്തകം തലയ്ക്ക് മീതെകൂടി പറന്നുപോയി എന്നാണ്. ഞാനെന്റെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന പുസ്തകമാണ് ദത്താപഹാരം എന്ന് മറ്റൊരു വായനക്കാരന്‍ എഴുതി. രണ്ട് പ്രതികരണങ്ങളും ഒരേ സ്‌നേഹത്തോടെ സ്വീകരിക്കാനാണ് എനിക്കിഷ്ടം. ദത്താപഹാരത്തെ എന്റെ ഏറ്റവും നല്ല രചനാപരിശ്രമമായി കരുതുന്ന ചിലരുണ്ട്. അത് ചോരശാസ്ത്രമാണെന്നും പുറപ്പാടിന്റെ പുസ്തകമാണെന്നും നിരീശ്വരന്‍ ആണെന്നും അഭിപ്രായപ്പെടുന്ന മറ്റു ചിലരുമുണ്ട്. എന്നാല്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവും വെല്ലുവിളിയായ കൃതി ദത്താപഹാരമാണെന്നാവും. അത്ര വ്യാപകമായി മനുഷ്യര്‍ക്ക് അനുഭവപ്പെടാനിടയുള്ള ഒരവസ്ഥയല്ല നോവലില്‍ ചുരുളഴിയുന്നത് എന്നതുതന്നെ കാരണം.

ലോകത്ത് എല്ലാ മനുഷ്യനും വിശപ്പെന്തെന്നും ദാഹമെന്തെന്നും വേദനയെന്തെന്നും സ്‌നേഹമെന്തെന്നുമൊക്കെ മനസ്സിലാവുന്നത് അവ അവര്‍ നേരിട്ടനുഭവിച്ചിട്ടുള്ളതിനാലാണ്. ഒരു കൊച്ചുകുട്ടിക്ക് സ്‌നേഹിക്കാനാവുമെങ്കിലും കാമിക്കാനാവില്ല, കാരണം ആ അവസ്ഥ അവനില്‍നിന്നും ഏറെ അകലെയാണപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റിനു മാത്രമായി ലഭ്യമാകുന്ന ചില അനുഭവങ്ങളുണ്ട്. ലോകത്തില്‍ മാര്‍പാപ്പ ഒന്നേയുള്ളെങ്കില്‍ ആ മാര്‍പാപ്പയ്ക്ക് മാത്രമായി കിട്ടുന്ന ചില അനുഭവങ്ങളുണ്ട്. അന്തരീക്ഷ ശാസ്ത്രത്തിന്റെ മേഖലയില്‍ അവഗാഹമുള്ളവര്‍ക്കും മൈക്രോബയോളജിയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മാത്രം മനസ്സിലാവുന്ന ചില കാര്യങ്ങളുമുണ്ട്. അതുപോലെ ഫ്രെഡി റോബര്‍ട്ടിനോ അതേ മാനസികാവസ്ഥയില്‍ ഉള്ളവര്‍ക്കോ മാത്രം തൊട്ടറിയാനാവുന്ന ചിലതും ലോകത്തുണ്ട്. ചിലരുടെ തലയ്ക്കു മീതെയാവാം അതിന് സ്ഥാനം. ചിലര്‍ക്കത് സ്വന്തം മനോനിലയോട് ചേര്‍ന്നു നില്‍ക്കുന്നതുമാവാം. അങ്ങനെയുള്ളവരെ ഈ കൃതി വല്ലാതെ സ്പന്ദിപ്പിച്ചേക്കും. ഇതെനിക്ക് നേരില്‍ അനുഭവമുള്ള വസ്തുതയാണ്. ഇതിലെ ദര്‍ശനത്തോട് ഐക്യപ്പെടാനാവാത്തവര്‍പോലും ദത്താപഹാരമെന്ന നോവല്‍രൂപത്തെ ഇഷ്ടപ്പെട്ടു എന്നത് എന്റെ സന്തോഷമാണ്. ഈ കൃതി അപൂര്‍വമായ അനുഭവങ്ങള്‍ക്ക് വിധേയരായ ചിലമനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ്. അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം. ചിലപ്പോള്‍ ഒരാള്‍ മാത്രമേ ഉണ്ടായുള്ളൂ എന്നും വരാം. എങ്കില്‍ ഇത് അയാള്‍ക്കുള്ളതാണ്. ഈ കൃതി വായിച്ച ആവേശത്തില്‍ എന്നെ നേരില്‍ വിളിച്ച് സ്വന്തക്കാരനോടെന്നപോലെ സംസാരിച്ച പലരുണ്ട്. വായിച്ചുനിര്‍ത്തിയ ആവേശം ഒട്ടും ചോരാതെ അതേ വികാരത്തോടെ അപ്പോള്‍ത്തന്നെ വിളിച്ച ലാല്‍ജോസ് എന്ന സംവിധായകനുള്‍പ്പെടെ. സിനിമയിലല്ലാതെ ഭാഷയില്‍ നേരിട്ട് കൈവച്ചിട്ടില്ലാത്ത ലാല്‍ജോസ് സ്വന്തം കാടനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും അതീ പുസ്തകത്തിന്റെ ഭാഗമാകുന്നതിനും കാരണമായത് അങ്ങനെയാണ്. ഫ്രെഡി റോബര്‍ട്ടിനെ, അവന്റെ തനിമയില്‍ മനസ്സിലാക്കാന്‍ തക്കവണ്ണം അവനോട് ഇഴുകിച്ചേരാന്‍ കാടും പ്രകൃതിയും ഇഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് സാധിക്കും. കാരണം എല്ലാ മേലങ്കികളും അഴിച്ചുമാറ്റുന്നിടത്താണ് ഫ്രെഡിക്ക് നിലനില്‍പ്പ്. ഫ്രെഡിയോട് ചേര്‍ന്നു നിന്നവര്‍ക്കും ശങ്കയോടെ നോക്കിനിന്നവര്‍ക്കും ഒരേ സ്വാഗതം.

കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജിന്റെ കുന്നുംപുറങ്ങളിലും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിലും നാലഞ്ചു വര്‍ഷം കഴിയാനായതാണ് ഈ പുസ്തകത്തെ രൂപപ്പെടുത്തിയത്. ഏതാണ്ട് കാല്‍നൂറ്റാണ്ടിനുശേഷം എന്നെ രൂപപ്പെടുത്തിയ ആ കലാലയത്തില്‍ മടങ്ങിയെത്തി ദത്താപഹാരത്തില്‍ ഉപയോഗിച്ച അന്തരീക്ഷത്തിലൂടെ വീണ്ടും സഞ്ചരിച്ചതിന്റെ കോരിത്തരിപ്പ് ഇനിയും മാറിയിട്ടില്ല. ഇപ്പോഴും ഫ്രെഡി അവിടെയുണ്ടെന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു. ഫ്രെഡിയുടെ പാദം പതിഞ്ഞ കോറിഡോറുകള്‍, വാകത്തണല്‍, ഹോസ്റ്റല്‍, മല ചെത്തിത്താഴ്ത്തി നിര്‍മ്മിച്ച ഗ്രൗണ്ട്, പൂത്തു നില്‍ക്കുന്നവെള്ളെരുക്കുകള്‍, എല്ലാം ഒരു മാറ്റവുമേശാതെ. പണ്ട് കൂട്ടുകാരുമൊത്ത് നടന്ന ഇടങ്ങളിലൂടെ രണ്ടര പതിറ്റാണ്ട് കഴിഞ്ഞ് ഭാര്യയും മക്കളുമൊത്ത് നടക്കുമ്പോള്‍ അറിഞ്ഞ അനുഭൂതി എന്നെക്കാളധികമായി ഒരാള്‍ക്കും കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് തിട്ടമുണ്ട്. അതിന് കാരണക്കാരന്‍ പലരെയും കീഴടക്കിയ ഫ്രെഡി എന്നെയും കീഴടക്കിയതുതന്നെയാണ്. ആ ഫ്രെഡി ഇനിയും പലരോടും സംവദിച്ചേക്കാം. കാടനുഭവങ്ങളിലൂടെ കൈപിടിച്ചു കൊണ്ടുപോയേക്കാം. വായന ഒരാളുടെ ഏറ്റവും സ്വകാര്യമായ അനുഭവങ്ങളില്‍ ഒന്നാണല്ലോ. പറഞ്ഞുകേള്‍പ്പിച്ച് ഈ പുസ്തകത്തെ പല മനസ്സുകളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഫേസ്ബുക്കിലൂടെ ഈ പുസ്തകത്തിന്റെ വായനാനുഭവം വികാരതീവ്രമായി പ്രകടിപ്പിച്ചവരെയും സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു.

കാട്ടിലേക്കച്യുതാ പോവല്ലേ പോവല്ലേ എന്ന് വിലക്കുന്ന മാതൃത്വത്തിന്റെ പിന്‍വിളി ലംഘിക്കാനുള്ള ചങ്കൂറ്റത്തോടെ വേണം കാടനുഭവങ്ങളിലേക്കിറങ്ങാന്‍. എങ്കിലല്ലേ അറിയൂ, വിലക്കുന്ന ആള്‍തന്നെയാണ് വിളിക്കുന്നതെന്ന്.

Comments are closed.