പാവങ്ങള്‍; കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാഗാഥ

paavangal‘മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്.’‘- വിക്തോര്‍ യൂഗോ

വിക്തോര്‍ യൂഗോയുടെ വിശ്വവിഖ്യാത നോവലാണ് പാവങ്ങള്‍. ‘കരുണയുടെ നൂല്‍കൊണ്ടു കെട്ടിയ പുസ്തകം’ എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ചു കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാഗാഥയായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വലമായ ആഖ്യായികയാണിത്. പേരുസൂചിപ്പിക്കുംപോലെ പാവങ്ങളുടെ കഥയാണു യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായകൃതി.

ഈ ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങള്‍. വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യന്‍ നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകള്‍ അന്നത്തിനായി വില്ക്കപ്പെടുന്നിടത്ത്, കുട്ടികള്‍ തണുപ്പുമാറ്റാന്‍ വകയില്ലാതെ യാതന അനുഭവിക്കുന്നിടത്ത് എല്ലാം പാവങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു.

ഴാങ്വാല്‍ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ ദിയര്‍ എന്ന കുറ്റവാളി, മരിയൂസ് പൊങ്‌മെഴ്‌സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങിയ നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയര്‍ത്തുന്നു.

pavangal1862ല്‍ തന്റെ അറുപതാം വയസ്സില്‍ യൂഗോ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെസ് (പാവങ്ങള്‍) അസാധാരണമായൊരു വിജയമായിരുന്നു. ഫ്രാന്‍സിലും ബല്‍ജിയത്തിലും ആളുകള്‍ ക്യൂനിന്നാണ് പുസ്തകം വാങ്ങിയത്. അന്ന് നാല് വാല്യങ്ങളായിട്ടാണ് പാവങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ 1872 ആപ്പോഴേക്കും ഈ കൃതി രണ്ടായിരത്തിലധികം രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. വാഴ്ത്തപ്പെടുകയും അതുപോലെതന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്ത പാവങ്ങള്‍ക്ക് എല്ലാക്കാലത്തും പ്രസക്തിയേറുകയാണ്. ലെ മിസെറാബ്ലെസ് 1925 ല്‍ നാലപ്പാട്ടുനാരായണമേനോനാണ് ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. എന്നാല്‍ കാലം ദേശം ഭാഷ എന്നിവയ്‌ക്കെല്ലാം അതീതമായി നിലകൊണ്ട പാവങ്ങള്‍ ഉള്‍പ്പെടയുള്ള ക്ലാസിക് കൃതികള്‍ 1982ല്‍ ഡി സി ബുക്‌സ് ‘വിശ്വസാഹിത്യമാല’ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.

പിന്നീട് 2011 ല്‍ ലോകത്തിലെ അനശ്വരകൃതികളുടെ സമ്പൂര്‍ണ്ണ വിവര്‍ത്തനം ‘ഡി സി ക്ലാസിക്‌സ്’ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. ആ പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വേണു വി ദേശം വിവര്‍ത്തനം ചെയ്ത കൃതിയാണിത്. മൂലകൃതിയുമായി താദാന്മ്യം പ്രാപിച്ചും സ്തൂലത ഒഴിവാക്കിയുമാണ് വേണു വി ദേശം പാവങ്ങളുടെ വിവര്‍ത്തനം നടത്തിയിട്ടുള്ളത്. പുസ്തകത്തന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.