DCBOOKS
Malayalam News Literature Website

ഇ.എം ഹാഷിം രചിച്ച 366 സൂഫിദിന സൂക്തങ്ങള്‍

ജ്ഞാനികള്‍ എപ്പോഴും സ്‌നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകള്‍ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാല്‍ അവരില്‍ ദൈവനിരാസം ഉണ്ടാവില്ല.” റൂമി

അനേകം സൂഫി സൂക്തങ്ങളില്‍നിന്നും പേര്‍ഷ്യന്‍ മൊഴികളില്‍നിന്നും തെരഞ്ഞെടുത്ത് ചെറിയ വ്യാഖ്യാനങ്ങളിലൂടെ ദിനങ്ങള്‍ക്ക് അര്‍ത്ഥവും ആത്മീയവെളിച്ചവും പകരാന്‍ പാകത്തില്‍ ഒരുക്കിവെച്ച 366 സൂക്തങ്ങള്‍ അടങ്ങിയ കൃതിയാണ് ഇ.എം ഹാഷിമിന്റെ 366 സൂഫിദിന സൂക്തങ്ങള്‍. സൂഫി സൂക്തങ്ങള്‍ ചെറുതാണെങ്കിലും അതിന്റെ അര്‍ത്ഥതലങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്.366 സൂഫിചിന്തകളെ ജനുവരി മുതല്‍ ഡിസംബര്‍ വരെ എന്ന ക്രമത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 366 സൂഫിദിന സൂക്തങ്ങളുടെ ആദ്യപതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

പുസ്തകത്തിന് ആമുഖമായി ഇ.എം ഹാഷിം എഴുതുന്നു

“വായനയ്ക്കിടയിലും സൂഫി കൂട്ടായ്മകളിലും യാത്രകളിലും സമകളില്‍( സൂഫി സംഗീതസദസ്സ്) ഇരിക്കുമ്പോഴും ഇഷ്ടപ്പെട്ട സൂക്തങ്ങള്‍ അടയാളപ്പെടുത്തിവെക്കുക പതിവായിരുന്നു. അതൊക്കെ ഈ എഴുത്തിന് പ്രയോജനമായി. സൂഫി സൂക്തങ്ങള്‍ ചെറുതാണെങ്കിലും അതിന്റെ അര്‍ത്ഥതലങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. ഓഷോ പറഞ്ഞതുപോലെ, ഹൃദയത്തില്‍ത്തറയ്ക്കുന്ന അസ്ത്രങ്ങള്‍. ഒരു സൂക്തം മതി ബോധത്തെ ഉണര്‍ത്താന്‍. ജലാലുദ്ദീന്‍ റൂമിയും ഹസ്രത്ത് ഇനായത്ത് ഖാനും ഹസ്രത്ത് റാബിയയും ഹസ്രത്ത് ഹല്ലാജും ഹസ്രത്ത് ജിലാനിയും അടക്കമുള്ള കുറേ മഹാത്മാക്കളുടെ സൂക്തങ്ങള്‍ ഇതിലുണ്ട്; വളരെ ചെറിയ കഥകളും.

രണ്ടര വര്‍ഷമെടുത്തു ഈ പുസ്തകം എഴുതുവാന്‍. ഒരെണ്ണം പോലും വെബ്‌സൈറ്റില്‍നിന്നും എടുത്തിട്ടില്ല. പ്രപഞ്ച ബോധത്തിന്റെ ചെറുകണങ്ങളാണ് നമ്മളിലെല്ലാം ഉള്ളത് എന്നു വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍. ആരും മോശക്കാരല്ല എന്നും ഞാനനുഭവിച്ചത് നിങ്ങളും അനുഭവിക്കുമെന്ന ഉറപ്പുമാണ് ഈ സൂക്തങ്ങള്‍ സമാഹരിക്കാന്‍ കാരണം.”

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഇ.എം ഹാഷിമിന്റെ മറ്റുകൃതികള്‍

Comments are closed.