DCBOOKS
Malayalam News Literature Website

സി.എസ്.മീനാക്ഷി രചിച്ച ‘ഭൗമചാപം’ മൂന്നാം പതിപ്പില്‍

ഏതെങ്കിലും ഒരു സര്‍വ്വേയെക്കുറിച്ച് കേള്‍ക്കാതെ ഒരു ദിവസത്തെ ജീവിതം തള്ളിനീക്കാനാവില്ല. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി ആയിരക്കണക്കിന് പ്രമുഖ സര്‍വ്വേകളും അതിലധികം ചെറു സര്‍വ്വേകളും കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ നടന്നുകഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനം സര്‍വെ ഓഫ് ഇന്ത്യ എന്ന ഇന്ത്യന്‍ ഭൂപടനിര്‍മ്മാണമാണ്. ഇന്നത്തെ സംവിധാനങ്ങളൊന്നുമില്ലാതെ, മനുഷ്യശേഷി മാത്രം ആധാരമാക്കി നിര്‍മ്മിച്ച ഭൂപടത്തിന്റെ വിസ്മയ ചരിത്രം പരിശോധിക്കുന്ന പുസ്തകമാണ് സി എസ് മീനാക്ഷിയുടെ ഭൗമചാപം.

മലമ്പനിയും വസൂരിയും വന്യമൃഗാക്രമണങ്ങളും വിഷം തീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയും കാരണം മരിച്ചുപോയ തൊഴിലാളികളും വിജനതകളില്‍ ജീവിച്ച് മാനസികാപഭ്രംശം സംഭവിച്ച സര്‍വ്വേയര്‍മാരും അടക്കം അനേകായിരങ്ങളുടെ ശ്രമഫലമാണ് ഇന്ന് നാം കാണുന്ന ഓരോ ഭൂപടവുമെന്ന് ഭൗമചാപം എന്ന പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലൊരു പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

”ലോകചരിത്രത്തിലെതന്നെ അപൂര്‍വ്വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സര്‍വെ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തില്‍ പ്രഗത്ഭമായി അനാവരണം ചെയ്യുന്നതെന്ന്  എഴുത്തുകാരന്‍ ആനന്ദ്  അഭിപ്രായപ്പെടുന്നു. പ്രായേണ ഏത് സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെയും കൗതുകമുണര്‍ത്തുന്നതാണ് ആ സാഗ. ആ കൗതുകത്തെ അണയാനനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകാനും ഇതുപോലൊരു ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയിലെത്തിക്കുവാനും സാധിച്ചുവെന്നതാണ് ഗ്രന്ഥകര്‍ത്രിയുടെ നേട്ടമെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡ്, കോഴിക്കോട് ജ്യോഗ്രഫിടീച്ചേഴ്‌സ് അസോസിയേഷന്റെ ശാസ്ത്ര പ്രതിഭാ പുരസ്‌കാരം, നവീന സാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം എന്നിവ ഭൗമചാപത്തിന് ലഭിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണവകുപ്പില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് സി.എസ് മീനാക്ഷി. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അവര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര, സംസ്ഥാന ജലസേചനവകുപ്പ് എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.

Comments are closed.