കുട്ടികളെ ആരാധിക്കുന്ന കൈലാഷ് സത്യാര്‍ഥി

”ഞാന്‍ മതവിശ്വാസിയല്ല. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരമ്പലത്തിലും പള്ളിയിലും പോയിട്ടില്ല. ഞാന്‍ അമ്പലങ്ങളില്‍ ആരാധന നടത്താറില്ല. കാരണം ഞാന്‍ കുട്ടികളെയാണ് ആരാധിക്കുന്നത്: അവര്‍ക്ക് സ്വാതന്ത്ര്യവും ബാല്യവും നല്‍കിക്കൊണ്ട്. അവരാണു ദൈവത്തിന്റെ മുഖങ്ങള്‍. അതാണ് എന്റെ കരുത്ത്.”

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാല യൂസുഫ്‌സായിക്കൊപ്പം പങ്കിട്ട കൈലാഷ് സത്യാര്‍ഥിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്നതാണ്. എന്നാല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹത്തേയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടനയെയും കുറിച്ച് ഇന്ത്യാക്കാര്‍ അറിഞ്ഞുതുടങ്ങിയത്. ഈ പുരസ്‌കാരത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.

കൈലാഷ് സത്യാര്‍ഥിയുടെ ജീവിതകഥ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന പുസ്തകമാണ് പത്രപ്രവര്‍ത്തകനായ ബിജീഷ് ബാലകൃഷ്ണന്‍ രചിച്ച കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം. പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം വഴിമാറിയൊഴുകിയതിന്റെ കഥ കൂടിയാണ് ഈ പുസ്തകമെന്ന് ഇതിന്റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യമാകും.

ബാലവേലയും ദാരിദ്ര്യവും നിരക്ഷരതയും ചേര്‍ന്ന നരകത്രികോണത്തിനെതിരെയുള്ള പോരാട്ടമാണ് കൈലാഷ് സത്യാര്‍ഥിയുടെ ജീവിതം. ആ പോരാട്ടത്തിന്റെ വേരുകള്‍ ഇന്ന് ലോകമെങ്ങുമുള്ള 144 രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നു. പരിമിതമായ ആള്‍ബലവും സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് പെറുവിലെ കരിങ്കല്‍മേടകളിലേക്കും ഐവറി കോസ്റ്റിലെ കൊക്കോത്തോട്ടങ്ങളിലേക്കും വരെ വിമോചനത്തിന്റെ കൈകള്‍ നീണ്ടെത്തിയതെന്ന് കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തെ തുടര്‍ന്ന് 2014 നവംബറിലാണ് കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം പ്രസിദ്ധീകരിച്ചത്. ഇതിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

2006 മുതല്‍ മലയാളമനോരമ പത്രാധിപ സമിതിയംഗമാണ് പുസ്തകത്തിന്റെ രചയിതാവായ ബിജീഷ് ബാലകൃഷ്ണന്‍. മലാലയുടെ ജീവിതകഥ പറഞ്ഞ അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം, ഫറാ ബക്കര്‍: മറ്റൊരു യുദ്ധത്തിനു സാക്ഷിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നിവ അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ പുസ്തകങ്ങളാണ്.

Categories: TRANSLATIONS