പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങളുമായി ‘പെണ്ണിര’

കേരളത്തില്‍ സമാധാനപരമായ യാത്ര  അസാധ്യമാക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ഭീതികളെക്കുറിച്ചും സ്ത്രീകള്‍ തുറന്നെഴുതുന്ന അപൂര്‍വ പുസ്തകമാണ് റ്റിസി മറിയം തോമസ് എഡിറ്റുചെയ്ത പെണ്ണിര. കേരളത്തിന്റെ മനസ്സില്‍ എന്നും നൊമ്പരമായി തുടരുന്ന സൗമ്യയ്ക്കായി സമര്‍പ്പിച്ച് 2011 ല്‍ പ്രസിദ്ധീകരിച്ച പെണ്ണിര എന്ന പുസ്തകത്തിന് ഇന്നും
പ്രസക്തിയേറുകയാണ്.  സൗമ്യയുടെ മരണത്തോടെ നമ്മുടെ സ്ത്രീസമൂഹത്തിന്റെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും യാത്രകളിലും അവര്‍ അനുഭവിക്കുന്ന കടുത്ത പീഢനങ്ങളെക്കുറിച്ചും ചര്‍ച്ചയായെങ്കിലും നമ്മുടെ കേരളത്തിന്റെ ലിംഗവിവേചനചരിത്രം മറ്റൊരു ജിഷയെക്കൂടി സൃഷ്ടിച്ചുവെന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സൗമ്യയുടെ ഘാതകനെതിരെ കോടതിപോലുമെടുത്ത നിലപാടുകളും, സ്ത്രീകള്‍ എവിടെയും സുരക്ഷതരല്ലെന്നും അവളെ ഒരു നിയമങ്ങളും സംരക്ഷിക്കുന്നില്ലെന്നുമാണ് കാട്ടിത്തരുന്നത്.

penniraപെണ്ണിന് ആണുമായി സൗഹൃദം പാടുണ്ടോ.? ആണ്‍പെണ്‍ ബന്ധത്തെ കാമത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുശീലിച്ച മലയാളി ഏതൊരു പെണ്ണും ആണും കാമസംതൃപ്തിക്കുവേണ്ടിമാത്രമാണ് ഒന്നിച്ചുകൂടുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളതെന്നും, ജോലിസ്ഥലത്തും യാത്രകളിലും എല്ലാം സഹിച്ച് പ്രതികരിക്കാതെ മിണ്ടാതെയിരിക്കേണ്ടവളാണ് സ്ത്രീയെന്നും വിശ്വസിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളതെന്ന് കാട്ടിത്തരുന്ന, പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെണ്ണിര എന്ന പുസ്തകം. ഇപ്പോള്‍ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.

സ്ത്രീപക്ഷ ചിന്തകള്‍ക്ക് പുതിയ പാത തീര്‍ക്കുന്ന ഈ സമാഹാരത്തില്‍ വീട്ടുജോലിക്കാരി മുതല്‍ സര്‍വ്വകലാശാല അധ്യാപകര്‍വരെയുള്ളവര്‍ പൊതു ഇടങ്ങളില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മറയില്ലാതെ പങ്കിടുന്നു. കേരളത്തിലെ സ്ത്രീസമൂഹത്തെയെല്ലാം പ്രതിനിധാനം ചെയ്യുന്ന അനുഭവങ്ങളടങ്ങിയ പെണ്ണിര പുറംലോകവുമായി ബന്ധമുള്ള തനിച്ച് യാത്രചെയ്യുന്ന പെണ്‍കുട്ടികളും സ്ത്രീകളും വായിച്ചിരിക്കേണ്ട പുസ്തകമാണ്.

Categories: LITERATURE