DCBOOKS
Malayalam News Literature Website

തോപ്പില്‍ ഭാസി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

മലയാള നാടക-സിനിമാ രംഗത്തും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും മികച്ച സംഭാവനകള്‍ നല്‍കിയ തോപ്പില്‍ ഭാസി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്.  1992 ഡിസംബര്‍ 8 ന് അന്തരിച്ചത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്.

ഒളിവില്‍ കഴിയുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം ഭാസി എഴുതുന്നത്. കെ.പി.എ.സിയുടെ ആഭിമുഖ്യത്തില്‍ 1952 ഡിസംബര്‍ 6 ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. 1945ല്‍ ആദ്യ നാടകം അരങ്ങേറി മുന്നേറ്റം. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ ഭഅഭിജ്ഞാനശാകുന്തളം’ ശകുന്തള എന്ന പേരില്‍ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓര്‍മകള്‍ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകളുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1924 ഏപ്രില്‍ 8ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്താണ് തോപ്പില്‍ ഭാസി ജനിച്ചത്.

 

Comments are closed.