നഷ്ടബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍

madhavikutti

നീര്‍മാതളപ്പൂക്കളുടെ സുഗന്ധവും നൈര്‍മ്മല്യവുമുള്ള ഒരു പിടി രചനകള്‍ മലയാളിക്ക് സമ്മാനിച്ച സാഹിത്യകാരിയാണ് മാധവിക്കുട്ടി. കുസൃതികളും, നിഷ്‌കളങ്കതയും ഇഴ ചേര്‍ന്ന അവരുടെ കുട്ടിക്കാലത്തിന്റെ മധുരസ്മരണകള്‍ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ബാല്യകാല സ്മരണകള്‍.

കല്‍ക്കത്തയിലും, തറവാട്ടിലുമായി ചിലവഴിച്ച കുട്ടിക്കാലം വായനക്കാരന് മുന്നില്‍ തുറന്നു കാട്ടുകയാണ് മാധവിക്കുട്ടി ഈ പുസ്തകത്തില്‍. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാടും കൊല്‍ക്കത്തയിലെ ലാന്‍സ്ഡൗണ്‍ റോഡിലെ വസതിയുമെല്ലാം മാധവിക്കുട്ടിയുടെ ഓര്‍മ്മകളില്‍കൂടി പുസ്തകത്തില്‍ നിറയുന്നു. വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈര്‍മ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് വായനക്കാരനെ കൈപിടിച്ചാനയിക്കുന്നത്.

BALYAKALAബാല്യത്തിന്റെ കളങ്കമൊഴിയാത്ത കൊച്ചു കൊച്ചു സംഭവങ്ങള്‍ അതിന്റേതായ മനോഹാരിതയോടുകൂടി ലളിതമായി മാധവിക്കുട്ടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലിവിടര്‍ത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ കുസൃതികളും വികൃതികളും ഓരോ സഹൃദയനേയും മോഹിപ്പിക്കുന്നവയാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യം മുഴുവന്‍ വിടര്‍ത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകള്‍. തിരിച്ചുപിടിക്കാനാവാത്ത കുട്ടിക്കാലത്തിലേക്ക് മനസ്സു കൊണ്ടൊരു മടക്കയാത്ര സമ്മാനിക്കുന്നവ.

മാധവിക്കുട്ടിയുടെ കുട്ടിക്കാലത്തേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ബാല്യകാലസ്മരണകളുടെ ഇരുപത്തിരണ്ടാമത് പതിപ്പ് പുറത്തിറങ്ങി. സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേതുമായ ഒരു ലോകം തന്റെ വാക്കുകളിലൂടെ സൃഷ്ടിച്ച പുസ്തകം 1987ലാണ് പ്രസിദ്ധീകരിക്കുന്നത്.

1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ച മാധവിക്കുട്ടി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ രചിച്ചു. തരിശുനിലം,അരുണ, ചുവന്ന പാവാട, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, ബാല്യകാലസ്മരണകള്‍ , വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍ , നരിച്ചീറുകള്‍ പറക്കുമ്പോള്‍, ഡയറിക്കുറിപ്പുകള്‍, എന്റെ സ്‌നേഹിത, നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, വണ്ടിക്കാളകള്‍, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മാധവിക്കുട്ടിയുടെ പ്രധാന കൃതികള്‍.

Categories: Editors' Picks, LITERATURE