തകര്‍ക്കപ്പെട്ട മസ്ജിദിന് ഇരുപത് വയസ്
On 6 Dec, 2012 At 05:50 AM | Categorized As Religion

Babri-Masjid demolition

 

 

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇരുപതു വര്‍ഷം തികയുന്ന അവസരത്തില്‍ ആ തകര്‍ച്ചയ്ക്ക് മുമ്പും പിമ്പും ഇന്ത്യന്‍ സാമുദായിക അവസ്ഥയ്ക്ക് സംഭവിച്ച മാറ്റം വിശകലനം ചെയുകയാണ് മാധ്യമ പ്രവര്‍ത്തകനായ അനിരുദ്ധ് മേനോന്‍.

 

ഡിസംബര്‍ ആറ് എന്ന തീയതി ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് ആ കരിദിനത്തില്‍ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്‌ളീങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികളിലാക്കി. സമുദായ സൗഹൃദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മസ്ജിദ് തകര്‍ച്ചയ്ക്ക് മുമ്പും പിമ്പും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വിഭജനകാലത്തു പോലും ഉണ്ടാകാത്ത വിധത്തില്‍ വര്‍ഗീയഭ്രാന്ത് രൂക്ഷമാകാന്‍ 1992 ഡിസംബര്‍ ആറ് നിമിത്തമായി.
നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു പ്രശ്‌നത്തിന്റെ ക്‌ളൈമാക്‌സാണ് രാമജന്മഭൂമി വിഷയത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദില്‍ സംഭവിച്ചത് എന്നു വിശ്വസിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കഥ തുടരുകയാണ്. ചരിത്രം പരിശോധിച്ചാല്‍ ഹിന്ദുക്കള്‍ അവരുടേതെന്നും മുസ്‌ളീങ്ങള്‍ തങ്ങളുടേതെന്നും ജൈനന്മാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന ബാബറി മസ്ജിദിന്റെ പേരില്‍ ആദ്യം പ്രശ്‌നം നടന്നത് 1853ല്‍ ആണെന്നു കാണാം. അന്നു മുതല്‍ രാമന്റെ ജന്മസ്ഥലം സ്വന്തമാക്കാന്‍ ഹിന്ദുക്കളിലെ ഒരു ന്യൂനപക്ഷം കച്ച മുറുക്കുകയായിരുന്നു. 1934ല്‍ ഒരു സംഘം ആളുകള്‍ മസ്ജിദിന്റെ മതിലുകളും മിനാരങ്ങളും തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ളീങ്ങളുടെ പക്ഷം ചേരുകയും മതിലുകളും മിനാരങ്ങളും പുതുക്കിപ്പണിയുകയും ചെയ്തു.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1949 ഡിസംബര്‍ 22 അര്‍ദ്ധരാത്രി അറുപതോളം പേര്‍ വരുന്ന ഒരു സംഘം മസ്ജിദിലെത്തി രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. പിറ്റേന്ന് രാവിലെ അയ്യായിരത്തിലധികം ആളുകള്‍ ഒത്തുകൂടി പ്രകോപനപരമായ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മസ്ജിദിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം ആദ്യമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
1989ലാണ് വിശ്വ ഹിന്ദു പരിഷത് രാമജന്മഭൂമി പ്രശ്‌നം ഏറ്റെടുക്കുന്നത്. വര്‍ഷത്തില്‍ ഒരു ദിനം മാത്രം ഹൈന്ദവ പൂജകള്‍ നടന്നുവന്നിരുന്ന മസ്ജിദില്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു. 1989ല്‍ അയോധ്യയില്‍ ശിലാന്യാസം നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന് അനുമതി നല്‍കിയതോടെ സ്ഥിതി ഗുരുതരമായി. നവംബറിലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി നടത്തിയ രഥയാത്ര രാജ്യമെമ്പാടുമുള്ള ഹിന്ദുക്കളില്‍ രാമവികാരം വളര്‍ത്തി. രാമക്‌ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടില്‍നിന്നും ഓരോ ഇഷ്ടിക എന്ന മുദ്രാവാക്യം ഫലിച്ചു. ഓരോ ഇഷ്ടികയും കൊണ്ട് ബി ജെ പി എന്ന രാഷ്ട്രീയപ്പാര്‍ട്ടി ഇന്ത്യയില്‍ അതിന്റെ അടിത്തറയുറപ്പിച്ചു.
തകരാത്ത മസ്ജിദിനേക്കാള്‍ കരുത്ത് തകര്‍ന്ന പള്ളിക്കുണ്ടെന്നു തെളിയിക്കുന്ന 20 വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ കാലയളവു കൊണ്ട് രാമന്റെയും ബാബറിന്റെയും പേരില്‍ വര്‍ഗീയ രാഷ്ട്രീയം മുതലെടുപ്പു നടത്തി. തീവ്ര സ്വഭാവമുള്ള മുസ്‌ളീം സംഘടനകള്‍ മുളച്ചുപൊന്തുകയും രാജ്യമെങ്ങും വേരു പടര്‍ത്തി പന്തലിക്കുകയും ചെയ്തു. അവ അണികളെ ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ രാജ്യത്തെ രണ്ടാംകിടക്കാരാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മുമ്പുണ്ടാകാത്ത വിധത്തില്‍ ഹിന്ദുവും മുസല്‍മാനും മാനസികമായി അകന്നു.
ഒരു വശത്ത് മദനിയെപ്പോലുള്ളവര്‍ പ്രകോപനപരമായ പ്രസംഗങ്ങളുമായി മുസ്‌ളീം മനസ് കീഴടക്കിയപ്പോള്‍ മറുവശത്തും പടയൊരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഹിന്ദു തീവ്രവാദം അപകടകരമാം വിധം വേരുറപ്പിച്ചില്ലെങ്കിലും ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് എന്ന ആശയം ഗുജറാത്ത് കലാപത്തിലൂടെയും മറ്റും മുസ്‌ളീങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കും വിധം പ്രചരിപ്പിക്കാന്‍ തല്പരകക്ഷികള്‍ക്ക് കഴിഞ്ഞു.
പാക്കിസ്ഥാന്‍ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതും ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കു ശേഷം തന്നെ. ഇന്ത്യയിലെ മുസല്‍മാന്മാര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തീവ്രവാദ സംഘടനകളുടെ പ്രചരണം കേരളമടക്കം ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മുസ്‌ളീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് അടുപ്പിച്ചു. അതിര്‍ത്തിക്കപ്പുറം ആയുധങ്ങളും വിദഗ്ധ പരിശീലനവുമായി കാത്തുനിന്നിരുന്ന ശക്തികള്‍ ഈ അസന്തുഷ്ട ഇന്ത്യന്‍ യൗവനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത്രയധികം തീവ്രവാദ കേസുകള്‍ കോടതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല.
കേരളത്തിലാണെങ്കില്‍ വീണയുടെയും വിളക്കിന്റെയും എംബ്‌ളം ഉള്ള സ്‌കൂള്‍ യൂണിഫോം മുസ്‌ളീം കുട്ടികള്‍ ധരിക്കില്ല എന്നു തീരുമാനിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്നു പറയുന്നതുപോലെ മുസ്‌ളീം മന്ത്രിമാര്‍ ചെയ്യുന്നതിലും പറയുന്നതിലുമൊക്കെ പച്ച നിറത്തിന്റെ രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കേരളം. ആത്മസുഹൃത്തായ മുസല്‍മാന്റെ പേരിലുള്ള ആരാധനയം സന്ദര്‍ശിച്ചിട്ടു വേണം തന്നെ കാണാന്‍ വരാനെന്നു നിഷ്‌കര്‍ഷിച്ച ഒരു ദൈവത്തിന്റെ നാട്ടിലാണിതൊക്കെ നടക്കുന്നതെന്നോര്‍ക്കണം.
മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഒരു കളങ്കമായി അവശേഷിക്കുന്ന തകര്‍ന്ന മസ്ജിദ് ഒരു പ്രതീകമായി ഇനിയും അവശേഷിക്കും. വര്‍ഷാവര്‍ഷം ഡിസംബര്‍ ആറിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്ന സുരക്ഷയിലും മാധ്യമങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലും ഒതുങ്ങിപ്പോകാതെ ആ കളങ്കം മനുഷ്യമനസുകളില്‍ വേലിക്കെട്ടുകളുയര്‍ത്തി ഒരിക്കലും മായാത്ത കറുത്ത പൊട്ടായി അങ്ങനെതന്നെ കിടക്കും.

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>4 + = 13