തോപ്പില്‍ ഭാസിയുടെ സ്മരണകള്‍ക്ക് 20 വയസ്
On 8 Dec, 2012 At 05:57 AM | Categorized As Art and Culture

Olinjirikkatha-ormakal“ചില ബന്ധങ്ങള്‍ അങ്ങനെയാണ്. നിര്‍വചിക്കാനാവാത്തത്. എന്ത്? എന്തിന്? എങ്ങനെ? എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാല്‍ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.
ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം. അത് എങ്ങനെയാണെന്നൊന്നും എന്നോട് ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെയുള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്കതെടുക്കാം. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.
ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുന്‍പ് ഞാന്‍ ഭാസിച്ചേട്ടനെ മനസ്സുകൊണ്ടു നമിക്കും. ഭാസിച്ചേട്ടനെ നമസ്‌കരിക്കാതെ ഞാനൊന്നും ആരംഭിക്കാറില്ല.
എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് പ്രാര്‍ഥനയോടെയാണ്. കാലത്തെണീറ്റ് കുളികഴിഞ്ഞ് ഞാന്‍ പ്രാര്‍ഥന ആരംഭിക്കുന്നു. അച്ഛന്‍, അമ്മ, എന്റെ മക്കളുടെ അച്ഛന്‍, ഭാസിച്ചേട്ടന്‍ ഈ നാലു പേരെയാണ് ഞാനാദ്യം നമസ്‌കരിക്കുന്നത്. അതു കഴിഞ്ഞിട്ടേ ഞാന്‍ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ, എന്റെ കണ്ണുകള്‍ അടയുന്നതുവരെ അങ്ങനെയായിരിക്കും.”
പ്രശസ്ത അഭിനേത്രിയായ കെ പി എ സി ലളിത കഥ തുടരും എന്ന തന്റെ ആത്മകഥയില്‍ യശശരീരനായ തോപ്പില്‍ ഭാസിയെ അനുസ്മരിക്കുന്ന ‘എന്റെ ഭാസിച്ചേട്ടന്‍’ എന്ന ഭാഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
നാടകമെന്നാല്‍ കെ പി എ സി എന്ന് കരുതപ്പെട്ടിരുന്ന കാലത്ത് ആ പ്രസ്ഥാനത്തെ വളര്‍ത്താനായി ജീവിതം മാറ്റിവെച്ച മഹാരഥനായ തോപ്പില്‍ ഭാസിയുടെ ഓര്‍മ്മകള്‍ക്ക് 20 വര്‍ഷം തികയുകയാണ്. നാടകത്തിലും സിനിമയിലും തന്റെ പാദമുദ്രകള്‍ വ്യക്തമായി പതിപ്പിച്ച് അദ്ദേഹം കലാകേരളത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞത് 1992 ഡിസംബര്‍ എട്ടിനായിരുന്നു.
ആലപ്പുഴയിലെ വള്ളിക്കുന്നത്ത് തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1924 ഏപ്രില്‍ എട്ടിനു ജനിച്ച തോപ്പില്‍ ഭാസ്‌കരപിള്ള ഇന്നു നാമറിയുന്ന തോപ്പില്‍ ഭാസിയായത് സഹനസമരങ്ങളുടെ പാതകള്‍ ഒരുപാട് താണ്ടിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1954ല്‍ ഭരണിക്കാവില്‍ നിന്നും 1957ല്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ കെ പി എ സിയിലേക്കു വന്ന അദ്ദേഹം പിന്നീട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് വിട പറഞ്ഞ് നാടകത്തിനു വേണ്ടി മാത്രം ജീവിച്ചു. കെ പി എ സിയ്ക്കു വേണ്ടി തുടര്‍ച്ചയായി 16 നാടകങ്ങളാണ് അദ്ദേഹം എഴുതിയത്.അവയെല്ലാം കേരളക്കര നെഞ്ചേറ്റിയവയുമായിരുന്നു.
പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ തോപ്പില്‍ ഭാസിക്ക് വേദനയുണ്ടായിരുന്നു. അദ്ദേഹം തന്റെ ശ്രദ്ധ പൂര്‍ണമായും സിനിമാരംഗത്തേക്ക് തിരിച്ചു. നാടകത്തിനുണ്ടായ നഷ്ടം സിനിമയ്ക്ക് നേട്ടമായി. തിരക്കഥാ രംഗത്ത് അതിവേഗത്തില്‍ വിജയം കൈവരിച്ച അദ്ദേഹം പതിനാറു ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വഹിച്ചു.
മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ നാടകങ്ങള്‍ക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1981ല്‍ കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് ഫെലോഷിപ് നല്‍കി ആദരിച്ചു. അമ്മിണിയമ്മയായിരുന്നു ഭാര്യ. പെരുന്തച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ അജയന്‍, സോമന്‍, രാജന്‍, സുരേഷ്, മാല എന്നിവര്‍ മക്കളാണ്.
അവസാനമായി തോപ്പില്‍ ഭാസിയെ യാദൃച്ഛികമായി കണ്ട സംഭവവും വികാരനിര്‍ഭരയായി കെ പി എ സി ലളിത തന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഇപ്രകാരമായിരുന്നു ആ കൂടിക്കാഴ്ച.
“ഭാസിച്ചേട്ടന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അവസാനമായി ഞാന്‍ ഭാസിച്ചേട്ടനെ കണ്ടു. അതിപ്പോഴും ഒരത്ഭുതമായിത്തന്നെ എനിക്ക് തോന്നുന്നു. ഭാസിച്ചേട്ടന്‍ മരിക്കുന്നത് ഒരു ഡിസംബര്‍ എട്ടാം തീയതിയാണ്. അതിന് ഒരാഴ്ച മുമ്പ് ഒരു ചൊവ്വാഴ്ച ഞാന്‍ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയാണ്. ഏതോ ഒരു പടത്തിന്റെ ഡബ്ബിങ്ങിന് എനിക്ക് ചിത്രാഞ്ജലിയില്‍ അടിയന്തരമായി എത്തണം. വളരെ അത്യാവശ്യമായി രാത്രി തന്നെ അതു ചെയ്തു തീര്‍ക്കണം. അതുകൊണ്ട് കാറിലാണ് യാത്ര. അനില്‍ ബാബുവിന്റെ ഒരു പടത്തിന്റെ ഷൂട്ടായിരുന്നു എറണാകുളത്ത്. നാലുമണിക്കവരെന്നെ ഒഴിവാക്കി. ഞാന്‍ തിരുവനന്തപുരത്തേക്ക് പറക്കുകയാണ്. സമയം ഒരഞ്ച് അഞ്ചരയായിക്കാണും. കെ.പി.എ.സി.യുടെ പടിക്കല്‍ എത്തിയപ്പോള്‍ ഞാന്‍ വെറുതെയൊന്ന് അങ്ങോട്ടു നോക്കി. ഭാസിച്ചേട്ടന്‍ ഒരു വടിയും കുത്തി ഗെയ്റ്റില്‍തന്നെ നില്പുണ്ട്. ഗെയ്റ്റിലല്ല, ഗെയ്റ്റിനു വെളിയില്‍. ആരോ പറഞ്ഞുനിര്‍ത്തിയതുപോലെ, ആരെയോ കാത്തുനില്‍ക്കുന്നതുപോലെ. വണ്ടി നല്ല സ്പീഡിലാണ് പോവുന്നത്. ഞാന്‍ പറഞ്ഞു നിര്‍ത്ത്, നിര്‍ത്ത്, വണ്ടി കുറച്ചകലെ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ വണ്ടി റിവേഴ്‌സെടുത്തു ഗെയ്റ്റില്‍ കൊണ്ടുപോയി നിറുത്തി. ഭാസിച്ചേട്ടന്‍ അതൊക്കെ നോക്കിനില്‍ക്കുകയാണ്. ഒരു കാല്‍ മുറിച്ചുമാറ്റിയതുകൊണ്ട് ആയാസപ്പെട്ടാണ് നില്‍ക്കുന്നത്. റിവേഴ്‌സെടുത്ത് അടുത്തെത്തിയപ്പോള്‍ ഭാസിച്ചേട്ടന്‍ പറഞ്ഞു:
”അല്ലാ ഇതാരാ വരുന്നത്? ഒരുപാട് നാളായല്ലോ കണ്ടിട്ട്….”
അവസാനകാലമായപ്പോഴേക്ക് ഭാസിച്ചേട്ടന്‍ എന്റെയടുത്തൊക്കെ കൂട്ടുകാരോട് സംസാരിക്കുന്നതുപോലെയാണ് സംസാരിച്ചിരുന്നത്. ഒരുപാട് തമാശകളൊക്കെ പറയും.
തൊട്ടടുത്തൊരു ചായക്കടയുണ്ട്. അവിടെനിന്നാണ് റിഹേഴ്‌സല്‍ സമയത്തൊക്കെ ചായ വരുത്തുന്നത്. ബാലന്‍ എന്നൊരാളായിരുന്നു കടക്കാരന്‍. ഭാസിച്ചേട്ടന്‍ ബാലനോട് വിളിച്ചുപറഞ്ഞു.
”ബാലാ വാ നമ്മുടെ സിനിമാതാരം വന്നിട്ടുണ്ട്. ചായയോ എന്താണ് വേണ്ടതെന്നു വെച്ചാല്‍ കൊണ്ട്‌ക്കൊട്…”
ഭാസിച്ചേട്ടന്‍ എന്നെ അകത്തേക്കു വിളിച്ചു. ഞങ്ങള്‍ അവിടെയിരുന്ന് ഒരുപാട് നേരം സംസാരിച്ചു. എട്ടരമണിവരെ. മക്കളുടെ കാര്യം, എന്റെ കാര്യം എല്ലാം. ഒന്നും പറയാന്‍ ബാക്കിവയ്ക്കാതെ എല്ലാം പറഞ്ഞുതീര്‍ത്തു. ഭാസിച്ചേട്ടന്‍ അടുത്താഴ്ച അതേ ദിവസമാണ് മരിക്കുന്നത്. ഏതോ അദൃശ്യശക്തി നമ്മളറിയാതെ തീരുമാനിച്ചുറച്ച കൂടിക്കാഴ്ചയായിരിക്കാം അത്.
ഞാനോര്‍ക്കുന്നു. ഞാന്‍ കെ.പി.എ.സി.യില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാസിച്ചേട്ടന്‍ എന്നെ അടുത്തേക്കു വിളിച്ചു പറഞ്ഞു: ”നിനക്ക് നല്ല പേരാണ്. നല്ല സ്വഭാവമാണ് നിന്റേത് എന്നൊക്കെയാണ് ഇവിടെ അഭിപ്രായം. നീ അതു സൂക്ഷിക്കണം. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ—-ഭാര്‍ഗവി. ഞാനതുപോലെ നിന്നെ കണ്ടിട്ടാണു പറയുന്നത്.”
”ഭാര്‍ഗവിയെപ്പോലെ ഞാന്‍ നിന്നെ കാണുന്നു” എന്ന വചനം—ആ ബന്ധം ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോടു ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ മനസ്സിന്റെ കാര്യമാണ്. ആ വചനത്തെ ഞാനെന്നും മാനിച്ചിട്ടുണ്ട്.
ഞാനതുകഴിഞ്ഞ് ഒരാളെ കല്യാണം കഴിച്ചു. ഞങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. മരിക്കുന്ന സമയംവരെ. കാശിന്റെ കാര്യത്തിലും വീട്ടിന്റെ കാര്യത്തിലും ഉണ്ടായിക്കാണും. അല്ലാതെ വൈകാരികമായി ഒരു അഭിപ്രായവ്യത്യാസോം ഉണ്ടായിട്ടില്ല.
ഇതുകൂടി എഴുതിച്ചേര്‍ക്കാതെ ഭാസിച്ചേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് പറഞ്ഞുതീര്‍ക്കാനാവില്ല.”

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 9 = 13