കഥാപരിസരം കൊണ്ട് കാലാതിവര്‍ത്തിയായിത്തീരുന്ന നോവല്‍

sufiകേരളസാഹിത്യ അവാഡും ഇടശ്ശേരി അവാര്‍ഡും നേടിയ കെ പി രാമനുണ്ണിയുടെ നോവലാണ് സൂഫി പറഞ്ഞകഥ. മതം അധികാരത്തിന്റെ നിയന്താവാകുന്ന ഒരു കാലത്താണ് സുഫിപറഞ്ഞ കഥ മലയാളിയുടെ പൂര്‍വ്വചരിത്രത്തില്‍ നിന്ന് സാഹോദര്യത്തിന്റെയും സംവാദാത്മകതയുടെയും അനുഭവസ്വരൂപം ആവിഷ്‌കരിക്കുന്നത്. 1993 ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇന്നും പ്രസക്തമാവുകയാണ്. ഭൂകാലത്തിലും വര്‍ത്തമാനകാലത്തും ഇനി വാരാനിരിക്കുന്ന കാലത്തും ഒരു പോലെ പ്രസക്തമായ ഈ നോവല്‍ ഇംഗ്ലിഷ്, തമിഴ്, ഹിന്ദി, തുടങ്ങിയ അന്യഭാഷകളിലും ശ്രദ്ധിക്കപ്പെടുകയും ചലച്ചിത്രമായി രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്ഥലവും കാലവും ചരിത്രവുമെല്ലാം ഒന്നിക്കുന്ന ഒരു സൃഷ്ടിയാണ് രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥ. രണ്ടു മതങ്ങള്‍ വ്യത്യസ്തകരകളിലായി അകന്നുപോയതാണ് നോവലിന്റെ കാലം. മതവിശ്വാസങ്ങള്‍ക്കപ്പുറം മതത്തില്‍ പിറന്നു മതത്തില്‍ വളര്‍ന്നു ജീവിക്കുന്നവര്‍ അകന്നകന്നുപോകുന്നു എന്നിടത്താണ് സുഫിപറഞ്ഞ കഥയുടെ കാലപരിസരം ഉയരുന്നത്. മുസ്ലിം ജനതയുടെ രണ്ടാം മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയാണ് നോവലിലെ സ്ഥലഖണ്ഡം. പോന്നാനിയുടെ മതസഹിഷ്ണുതയുടെയും മതാധിനിവേശത്തിന്റെയും ഇടയില്‍പ്പെട്ടുഴലുന്ന മനസ്സുകളുടെ ചരിത്രം നിയോഗത്തിലാണ് ആഖ്യാനത്തിന്റെ പൂര്‍ത്തീകരണം സംഭവിച്ചിരിക്കുന്നത്.

sufiആതിരശ്ശേരി തമ്പ്രാതക്കളില്‍ നിന്ന് കാണം കിട്ടിയ ഇരുന്നൂറേക്കര്‍ ഇരുന്നൂറേക്കര്‍ പുരയിടത്തിന്റെ നന്മയുള്ള മേലെപ്പുല്ലാരത്തറവാട്ടിലെ കാര്‍ത്ത്യായനി എന്ന കാര്‍ത്തിയിലൂടെയും മുസലിയാര്‍ മഠത്തില്‍ പീത്തന്‍ മാമൂട്ടി എന്ന തേങ്ങാക്കച്ചവടക്കാരനിലൂടെയും വികസിക്കുന്ന നോവല്‍ അക്കാലഘട്ടത്തിലെ ഹിന്ദുമുസ്ലീം പ്രശ്‌നങ്ങളിലേക്കും ഫ്യൂഡല്‍ കാലഘട്ടത്തിലേക്കും വിരല്‍ചൂണ്ടുന്നു. ഹിന്ദുതറവാട്ടില്‍ പിറന്ന കാര്‍ത്തി മുസ്ലിം തറവാട്ടിലെത്തുകയും അവളെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനിയൊരിക്കലും അടുക്കാനാവാത്തവിധം വിച്ഛിന്നമായിത്തീര്‍ന്ന രണ്ടുവിശ്വാസങ്ങളെ ബന്ധിപ്പിക്കാന്‍വേണ്ടി ഒരു മാതൃസങ്കല്‍പത്തെപ്പോലും കഥയില്‍ വളര്‍ത്തിയെടുക്കുന്നു. രണ്ടു മതങ്ങള്‍ക്കിടയിലെ വിശ്വാസവും അമ്മദൈവ സങ്കല്പവും രതിയും കാമവും എല്ലാം ഒരേ തരത്തില്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.

1993ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ 1995 ലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. കാലങ്ങള്‍ക്കിപ്പുറവും പ്രസക്തമായ കഥാപരിസരം കൊണ്ട് കാലാതിവര്‍ത്തിയായിത്തീരുന്ന സുഫിപറഞ്ഞ കഥയുടെ പതിനഞ്ചാമത് ഡി സി പതിപ്പാണ് വിപണികളില്‍ എത്തിയിരിക്കുന്നത്.

Categories: Editors' Picks, LITERATURE