നൃത്തം -മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍

nrutham-1

“നാല്‍പത്തിയെട്ടാമത്തെ വയസ്സില്‍ അയാള്‍ക്ക് ഒരു പുതിയ മേല്‍വിലായമുണ്ടായി.
sreedhartp@hotmail.com ……

ഈ അരനൂറ്റാണ്ടോളം പോന്ന ജീവിതത്തില്‍ അയാള്‍ക്ക് ധാരാളം മേല്‍വിലാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനിച്ചുവളര്‍ന്ന സ്വന്തം വീടിന്റെ വിലാസത്തിനു പുറമേ പഠിക്കുന്ന കാലം ഹോസ്റ്റലിന്റേതും നാടുവിട്ടപ്പോള്‍ നാഗരത്തില്‍ ബന്ധുവിന്റെ മുറിയുടേതും ജോലി കിട്ടിയപ്പോള്‍ ആപ്പീസിന്റേതും- വ്യത്യസ്തമായ മേല്‍വിലാസങ്ങള്‍. നഗരത്തിലെ വാടകവീടുകള്‍ ഒഴിയേണ്ടി വരുമ്പോള്‍ ഓരോദിക്കിലും പുതിയ മേല്‍വിലാസങ്ങളുണ്ടായി. മുകളിലെ വരിയിലെ പേരൊഴികെ ബാക്കിലെല്ലാം മാറിക്കൊണ്ടിരുന്നു. താഴത്തെ വരിയിലെ നഗരത്തിന്റെ പേരും പിന്‍കോഡും മാറിക്കൊണ്ടിരുന്നു. ഒരിടത്ത് വേരുപിടിക്കുമ്പോഴാണ് ട്രാന്‍സ്ഫര്‍ വരുക. പിന്നെ എല്ലാം കെട്ടിപെറുക്കി ഒരു പുതിയ ദേശത്തേക്ക് മേല്‍വിലാസത്തല്‍ മുകളിലത്തെ വരിയിലെ പേരൊഴികെ ബാക്കിയില്ലാം ഒരു കലണ്ടറിന്റെ താള്‍ മറിച്ചിടുന്നതുപോലെ മാറുന്നു.

അങ്ങനെയിരിക്കവെ ഇപ്പോഴഇതാ ഒറ്റ വരിയില്‍ ഒരു പുതിയ മേല്‍വിലാസം.
sreedhartp@hotmail.com..!”

മയ്യഴിയുടെ കഥാകാരനായ എം മുകുന്ദന്‍ എഴുതിയ… നൃത്തം എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. വളരെ ഹൃദയസ്പര്‍ശിയായ അവതരണം കൊണ്ടും സാങ്കേതികവിദ്യയുടെ സമകാലിക രൂപവും അതിന്റെ സാധ്യതയും എല്ലാം കടന്നുവരുന്ന മലയാളത്തിലെ ആദ്യത്തെ സൈബര്‍ നോവലാണ് ‘ നൃത്തം‘.വിനിമയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ ലോകവുമായി മലയാളഭാവന ബന്ധപ്പെടുകയാണ് ഈ നോവലില്‍. സൈബര്‍ മെഷിനറിയിലേക്കുളള മനുഷ്യന്റെ അപ്രത്യക്ഷമാകല്‍ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് മുകുന്ദന്റെ നോവല്‍. മനുഷ്യശരീരത്തിനുമേല്‍ സാങ്കേതികവിദ്യ നടത്തുന്ന കോളനിവത്കരണം ഉള്‍പ്പെടെയുളള ഘടകങ്ങള്‍ ‘നൃത്തം‘ ആവിഷ്‌കരിക്കുന്നു.

nruthamഗൃഹാതുരമായ സാങ്കേതികതകൊണ്ടുമാത്രം പ്രതീതിലോകത്തിന്റെ ഇടപെടലുകള്‍ തിരിച്ചറിയാനാവില്ല. മാറ്റത്തിന്റെ ആവശ്യത്തെക്കുറിച്ചുളള ഈ ബോധമാണ് ‘നൃത്തം‘ മുന്നോട്ടുവെക്കുന്നത്. രണ്ടു ലോകങ്ങള്‍ തമ്മില്‍ നേരിട്ടല്ലാതെ നടക്കുന്ന ആശയവിനിമയമാണ് ‘നൃത്ത’ത്തിന്റെ പ്രമേയം. സൈബര്‍സ്‌പെയ്‌സാണ് നൃത്തത്തിന്റെ സ്ഥലം. ഇതിലെ കഥാപാത്രമായ ശ്രീധരന് ഒരു മെയില്‍ അഡ്രസ്സ് ഉണ്ടാകുന്നു. സാങ്കേതികവിദ്യയുടെ മായാലോകത്തിലൂടെ അയാള്‍ പരിചയപ്പെടുന്നത് അഗ്നിയെയാണ്. ഇവിടെ അഗ്‌നിയുടെ യൂറോപ്പും കേരളവുമെല്ലാം പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്.

ശ്രീധരന്‍ ജീവിക്കുന്ന പരിസരമൊഴികെയുളള ഭൂമിശാസ്ത്രം സൈബര്‍ സ്‌പെയ്‌സിലൂടെയാണ് നോവലില്‍ വരുന്നത്. ഉത്തരാധുനികതയുടെ ‘സ്ഥല’മാണ് സൈബര്‍ സ്‌പെയ്‌സ്. മനുഷ്യശരീരവും സാങ്കേതികവിദ്യയും തമ്മിലുളള വേര്‍തിരിവ് അപ്രത്യക്ഷമാകുന്ന ‘ട്രാന്‍സ്പ്ലാന്റ് വിപ്ലവ’ത്തിന്റെ പടിവാതിലിലാണ് ഈ സംസ്‌കാരം. എയ്ഡ്‌സ് ബാധിച്ച സൈബര്‍ സ്‌പെയ്‌സില്‍ മറയുന്ന അഗ്‌നി ആ ദുഃസ്വപ്‌നത്തിന്റെ രചനാരൂപമായി നില്ക്കുന്നു.

വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്ന നൃത്തം 2000 ലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ 15-ാമത് പതിപ്പ് പുറത്തിറങ്ങി.

Categories: Editors' Picks, NOVELS