DCBOOKS
Malayalam News Literature Website

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘മരുന്ന്’ 14-ാം പതിപ്പില്‍

മലയാള സാഹിത്യത്തിന് അമൂല്യങ്ങളായ നിരവധി രചനകള്‍ സമ്മാനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് മരുന്ന്. ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവെയ്ക്കുന്ന ഈ നോവല്‍ മരണത്തെ സൗന്ദര്യതലത്തില്‍ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ലാ സമരത്തില്‍ നിന്നു രൂപം കൊള്ളുന്ന ഈ കൃതിയില്‍ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് രചയിതാവ് ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളെയാണ് അനാവരണം ചെയ്തിരിക്കുന്നത്.

മലയാള സാഹിത്യത്തില്‍ വൈദ്യവ്യത്തിയുമായി ബന്ധപ്പെട്ട നോവലുകള്‍ അപൂര്‍വ്വമായാണ് പുറത്തിറങ്ങിയിട്ടുള്ളത്. വൈദ്യശാസ്ത്രം നേരിടുള്ള വെല്ലുവിളികളും ആ രംഗത്തെ ചൂഷണവും നോവലില്‍ ഉയര്‍ത്തിക്കാട്ടുന്നു. ആശുപത്രിമേഖല പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യങ്ങളും സ്വാര്‍ത്ഥതയും പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിന് എന്നും വിധേയമാകാറുണ്ട്. ആശുപത്രിയിലെ പ്രധാന ഡോക്ടറായ ഡോ. കാജ, സൂപ്രണ്ടായ ബ്രിഗേഡിയര്‍ താജുദ്ദീന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി വൈദ്യശാസ്ത്രത്തിന്റെ രണ്ട് വിരുദ്ധ മേഖലകള്‍ എടുത്തു കാണിക്കുന്നതാണ് ഈ നോവല്‍. രോഗികള്‍ക്ക് എന്നും അത്താണിയാണ് ഡോക്ടര്‍മാര്‍. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ കണ്ണില്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ അവതാരങ്ങളുമാണ്.

ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാന്‍ മുന്നോട്ടുവരുന്ന ദേവദാസും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന നഴ്സുമാരും രോഗശാന്തിക്കായി ആശുപത്രിയില്‍ കയറിയിറങ്ങുന്ന രോഗികളും അതോടൊപ്പംതന്നെ വൈദ്യശാസ്ത്രവൃത്തിയുടെ കാണാപ്പുറങ്ങളും വ്യക്തമാക്കുന്ന മരുന്നിന്റെ 14-ാംപതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിട്ടുണ്ട്. 1986ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങുന്നത് 1998ലാണ്. ഭിക്ഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങള്‍ അനാവരണം ചെയ്യുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ  മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തില്‍ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.